മൃതദേഹമടക്കാന്‍ സ്ഥലമില്ല; പട്ടികജാതിക്കാര്‍ ദുരിതത്തില്‍

വെളിയം: മൃതദേഹമടക്കാന്‍ സ്ഥലമില്ലാതെ വെളിയം പഞ്ചായത്തിലെ പട്ടികജാതിക്കാര്‍ ദുരിതത്തില്‍. കുടവട്ടൂര്‍, വെളിയംകോളനി, ഓടനാവട്ടം അയണിക്കോട് എന്നീ കോളനിയിലെ ആള്‍ക്കാരാണ് ബുദ്ധിമുട്ടുന്നത്. മിക്കവരും വീട് എന്ന് തോന്നിപ്പിക്കുന്ന കൂരയുടെ അടുക്കളഭാഗം കുഴിച്ചാണ് മൃതദേഹം അടക്കം ചെയ്യുന്നത്. 3000ത്തിലധികം കുടുംബങ്ങളാണ് ഇത്തരത്തില്‍ ദുരിത ജീവിതം നയിക്കുന്നത്. ഇതിനിടെ, ജില്ല പഞ്ചായത്ത് ലക്ഷം രൂപ മുടക്കി അനുവദിച്ച മൊബൈല്‍ ശ്മശാനം മുട്ടറയില്‍ കാടുകയറി നശിക്കുകയാണ്. വീട് നിര്‍മാണത്തിന് പഞ്ചായത്ത് മൂന്നു ലക്ഷം രൂപ പട്ടികജാതിക്കാര്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍, ആദ്യഗഡുവായി 50,000 രൂപയാണ് നല്‍കുന്നത്. ശേഷിക്കുന്ന തുക ലഭിക്കാത്തതിനാലാണ് വീടുകള്‍ പലതും ടാര്‍പോളിനും ഫ്ളക്സ്ബോര്‍ഡുകളുമിട്ട കൂരകളില്‍ ഇവര്‍ താമസിക്കുന്നത്. എം.എല്‍.എ ഫണ്ടില്‍ ഒരു കോളനിക്കായി ഒരു കോടി രൂപ നീക്കിവെക്കുന്നുണ്ട്. എന്നാല്‍, ഇത് അനുവദിച്ച് കിട്ടിയ കോളനികള്‍ ഇപ്പോഴും കഷ്ടത്തിലാണ്. ശ്മശാനം ഇതില്‍പ്പെടുന്നുണ്ടെങ്കിലും തുക മറ്റ് ആവശ്യങ്ങള്‍ക്കായി വഴിമാറ്റി ചെലവഴിക്കുന്നുണ്ടെന്ന ആരോപണമാണുള്ളത്. കൂരകളില്‍ മൃതദേഹം അടക്കുന്നതിനെതിരെ നവീന സംവിധാനം ഏര്‍പ്പെടുത്തണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.