കശുവണ്ടി ഫാക്ടറികള്‍ അടഞ്ഞുതന്നെ; തൊഴിലാളികള്‍ പ്രതിസന്ധിയില്‍

വെളിയം: കരീപ്ര, ഓടനാവട്ടം, പരുത്തിയറ, വെളിയം കോളനി, പുരമ്പില്‍, പൂയപ്പള്ളി, പുന്നക്കോട്, കടയക്കോട്, നെല്ലിക്കുന്നം, പിണറ്റിന്‍മുകള്‍, മാരൂര്‍ പ്രദേശങ്ങളിലെ കശുവണ്ടി ഫാക്ടറികള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ തൊഴിലാളികള്‍ പ്രതിസന്ധിയില്‍. അയ്യായിരത്തോളം തൊഴിലാളികളാണ് പട്ടിണിയിലായിരിക്കുന്നത്. ഇപ്പോള്‍ കൂടുതല്‍ പേരും കൂലിവേലക്കും തൊഴിലുറപ്പ് പദ്ധതിക്കും മറ്റും പോയാണ് ഓരോ ദിവസവും കഴിച്ചുകൂട്ടുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ തൊഴിലാളിസംഘടനകള്‍ കശുവണ്ടി ഫാക്ടറിക്ക് മുന്നില്‍ നിരാഹാരസത്യഗ്രഹവും മറ്റ് പ്രതിഷേധ പരിപാടികളും നടത്തിവരുന്നു. മഴ ലഭിക്കാത്തതിനാല്‍ പാടത്ത് കൃഷിചെയ്ത തൊഴിലാളികള്‍ക്ക് അതും തിരിച്ചടിയായി. കെട്ടിടനിര്‍മാണമേഖലയും പ്രതിസന്ധിയിലാണ്. സ്ത്രീ തൊഴിലാളികള്‍ ഈ മേഖലയിലും കൂടുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ജലം ലഭിക്കാത്തതാണ് നിര്‍മാണമേഖലയെ പിറകോട്ടടിച്ചത്. പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ മുഴുവന്‍ കശുവണ്ടി ഫാക്ടറികളും തുറക്കുമെന്ന വാഗ്ദാനം പാഴ്വാക്കായിരിക്കുകയാണ്. ഓണത്തിനുമുമ്പ് രണ്ട് കശുവണ്ടി ഫാക്ടറികള്‍ മാത്രമാണ് ഈ പ്രദേശങ്ങളില്‍ തുറന്നത്. മിക്ക തൊഴിലാളികളും പണം പലിശക്ക് എടുത്ത് തിരിച്ചടക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ്. സ്വകാര്യ ഫാക്ടറികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.