"ഞാനിനി എന്താണ് ചെയ്യേണ്ടത്...’ ഈ അമ്മ ചോദിക്കുന്നു

കിളിമാനൂര്‍: ‘ആകെയുള്ളത് രണ്ടുസെന്‍റ് പുരയിടം. മഴയത്ത് ചോര്‍ന്നൊലിക്കുന്ന ഓലമേഞ്ഞ ചെറ്റക്കുടില്‍. ഒപ്പമുള്ളത് അവിവാഹിതയായ മകള്‍. ഒടുവില്‍ പഞ്ചായത്തിന്‍െറ ‘കാരുണ്യ’മായി വീടുവെക്കാന്‍ പണം ലഭിച്ചു. നനയാതെ കയറിക്കിടക്കാന്‍ ഒരു കൂരയെന്ന സ്വപ്നം പൂവണിയാന്‍ തുടങ്ങിയപ്പോഴാണ് എല്ലാ പ്രതീക്ഷയും തകര്‍ത്ത് അയല്‍വാസിയുടെ രംഗപ്രവേശം. ഞാനിനി എന്താണ് ചെയ്യേണ്ടത്...’ നഗരൂര്‍ പഞ്ചായത്തിലെ ഇറത്തിയില്‍ മീനാക്ഷിയെന്ന നിര്‍ധന പട്ടികജാതി വൃദ്ധയുടെ വിലാപമാണിത്. നിയമപരമായ എല്ലാ രേഖകളും പരിശോധിച്ചശേഷമാണ് പഞ്ചായത്ത് അധികൃതര്‍ ഇറത്തി തൊടിയില്‍ വീട്ടില്‍ മീനാക്ഷിക്ക് വീടുവെക്കാന്‍ ആറുമാസംമുമ്പ് മൂന്നുലക്ഷംരൂപ അനുവദിച്ചത്. പണം കിട്ടുമെന്നറിഞ്ഞതോടെ ഉണ്ടായിരുന്ന ഒറ്റമുറി കൂര പൊളിച്ച് വീടുപണി ആരംഭിച്ചു. രാത്രികിടപ്പും ആഹാരംവെക്കലും എല്ലാം അയല്‍വാസിയുടെ പുരയിടത്തില്‍ കെട്ടിയ ടാര്‍പ്പോളിന്‍ ഷെഡിലാണ്. മീനാക്ഷിയും (68) അവിവാഹിതയായ മകള്‍ രോഹിണിയും (27) കഴിഞ്ഞുകൂടുന്നത് ഇതിനുള്ളിലാണ്. വീടിന്‍െറ പ്രാരംഭനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കവേയാണ് അയല്‍വാസി എതിര്‍പ്പുമായി രംഗത്തത്തെിയത്. കെട്ടിടനിര്‍മാണച്ചട്ടം ലംഘിച്ചാണ് വീടുപണി എന്ന് കാട്ടി ആദ്യം പഞ്ചായത്തില്‍ പരാതി. തുടര്‍ന്ന,് തഹസില്‍ദാറുടെ നിര്‍ദേശപ്രകാരം റീസര്‍വേ നടത്തി വസ്തു അളന്ന് തിട്ടപ്പെടുത്തിയശേഷം ഉദ്യോഗസ്ഥരുടെ അനുമതിയോടെ വീണ്ടും പണി തുടങ്ങി. തുടര്‍ന്ന്, അയല്‍വാസി ആറ്റിങ്ങല്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസത്തെി തൊഴിലാളികളെ ഭീഷണിപ്പെടുത്തിയതോടെ അവര്‍ വീടുപണി ഉപേക്ഷിച്ചുപോയി. മാസങ്ങള്‍ക്ക് ശേഷം വീണ്ടും പണി ആരംഭിച്ചപ്പോള്‍ കോടതി മുഖാന്തരം ജൂലൈ 26വരെ നിരോധ ഉത്തരവ് സമ്പാദിച്ചിരിക്കുകയാണ് അയല്‍വാസി. തങ്ങളുടെ വസ്തുവിന് സമീപത്തുകൂടിയുള്ള വഴി റോഡാക്കാനാണ് വീടുപണി തടസ്സപ്പെടുത്തുന്നതെന്ന് മീനാക്ഷി പറയുന്നു. എന്നാല്‍, ഇത് പൊതുവഴിയല്ളെന്നും വര്‍ഷങ്ങള്‍ പഴക്കമുള്ള നീര്‍ച്ചാല്‍ ആണെന്നും നികത്തി റോഡ് നിര്‍മിക്കാന്‍ ആരെയും അനുവദിക്കില്ളെന്നും വാര്‍ഡ് അംഗം ബീന പറഞ്ഞു. മാത്രമല്ല, മീനാക്ഷിക്ക് വീടുവെക്കാന്‍ പൊതുജനങ്ങളുടെയും പഞ്ചായത്തിന്‍െറയും സഹകരണം ഉണ്ടാകണമെന്ന് ബീന ആവശ്യപ്പെട്ടു. മഴക്കാലമത്തെിയതോടെ നിലവിലെ ഷെഡില്‍ താമസിക്കാനാവാത്ത അവസ്ഥയാണ് മീനാക്ഷിക്കും മകള്‍ക്കും. ഇനിയെന്ത് ചെയ്യണമെന്നറിയാതെ കഴിയുകയാണ് നിരാലംബയായ വൃദ്ധയും മകളും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.