പത്തനാപുരത്ത് യു.ഡി.എഫില്‍ തമ്മിലടി തുടങ്ങി

കുന്നിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിനുപിന്നാലേ പത്തനാപുരത്തെ യു.ഡി.എഫിനുള്ളില്‍ തമ്മിലടി. പാര്‍ട്ടിയിലെയും മുന്നണിയിലെയും ഭിന്നതയും യുവജന വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ക്ക് പ്രചാരണത്തില്‍ പ്രാതിനിധ്യം നല്‍കാത്തതും തിരിച്ചടിയായെന്ന് നേതൃത്വം വിലയിരുത്തുന്നു. പ്രാദേശിക പരിഗണന നല്‍കാതെയുള്ള സ്ഥാനാര്‍ഥിനിര്‍ണയം ദോഷകരമായെന്നാണ് മറ്റൊരു വിലയിരുത്തല്‍. തോട്ടം, കശുവണ്ടി മേഖലകളില്‍ സര്‍ക്കാര്‍ പരാജയമായത് തോല്‍വിക്ക് മറ്റൊരുകാരണമായി നേതാക്കള്‍ ചൂണ്ടിക്കാട്ടി. പരമ്പരാഗത യു.ഡി.എഫ് മേഖലകളില്‍പോലും മുന്നണി പിന്നാക്കം പോയത് നേതൃത്വത്തിന്‍െറ പിടിപ്പുകേടെന്നാണ് യുവനേതൃത്വത്തിന്‍െറ അഭിപ്രായം. നേതൃനിരയില്‍ മാറ്റം വേണമെന്നും നേതാക്കളില്‍ പലരും ഇപ്പോഴും കെ.ബി. ഗണേഷ്കുമാറിന്‍െറ ആശ്രിതരാണെന്നും ഒരു വിഭാഗം ആരോപിക്കുന്നു. ഇടതു സ്ഥാനാര്‍ഥിക്കായി രഹസ്യമായി പ്രവര്‍ത്തിക്കുകയും യു.ഡി.എഫ് ക്യാമ്പിലെ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുകയും ചെയ്തുവെന്ന ആരോപണം ഉയര്‍ന്ന യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റിന് ഡി.സി.സി പ്രസിഡന്‍റ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇതിനിടെ യു.ഡി.എഫിലെ മറ്റ് കക്ഷികളുടെ ചില നേതാക്കളും മുന്നണിമാറ്റത്തിന് തയാറായിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പുണ്ടാകുമായിരുന്ന പൊട്ടിത്തെറി ഒഴിവാക്കിയത് വലിയ തലവേദനയായിരുന്നു. ഇവര്‍ ഇടതുമുന്നണിയിലേക്ക് പോകാന്‍ തയാറെടുത്തതായും സൂചനയുണ്ട്. എന്തായാലും ഒന്നരപതിറ്റാണ്ടിന് ശേഷമുണ്ടായ തിരിച്ചടി യു.ഡി.എഫില്‍ പ്രത്യാഘാതത്തിന് ഇടയാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.