ചെഞ്ചോരച്ചുവപ്പണിഞ്ഞ് കൊല്ലം

കൊല്ലം: ‘ഇവിടത്തെ ചുവപ്പാണ് ചുവപ്പ് ...നല്ല ചെഞ്ചോര ചുവപ്പ്’ എന്ന ഗാനത്തിന്‍െറ അകമ്പടിയില്‍ നഗരം ചുവപ്പിന്‍െറ കടലായി മാറി. വിജയം ഓരോന്നായി അറിയുമ്പോഴും ബൈക്കുകളിലും പിക്-അപ് വാനുകളിലും ചുവപ്പണിഞ്ഞ കൊടികള്‍ ഏന്തി മുഖത്ത് ചായങ്ങള്‍ പൂശി ചെറുപ്പക്കാരുടെ വരവ് കൂടിക്കൊണ്ടിരുന്നു. തേവള്ളി ബോയ്സ് ഹൈസ്കൂളില്‍ കുണ്ടറ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജെ. മേഴ്സിക്കുട്ടിയമ്മയുടെ ലീഡ് തുടങ്ങിയതുമുതല്‍ പുറത്തും കുണ്ടറയുടെ വിവിധ ഭാഗങ്ങളിലും നാസിക് ധോളിന്‍െറ താളത്തുടി കൊട്ടിക്കയറി. സെന്‍റ് അലോഷ്യസ് സ്കൂളിലായിരുന്നു കൊല്ലം, ഇരവിപുരം സ്ഥാനാര്‍ഥികളുടെ വിജയപ്രഖ്യാപനം നടന്നത്. ആര്‍.എസ്.പിയുടെ ശവമഞ്ചം ചുമന്ന് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. വിജയതിലകം ചാര്‍ത്തിയ മുകേഷും നൗഷാദും ജെ. മേഴ്സിക്കുട്ടിയമ്മയും തുറന്ന വാഹനത്തില്‍ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി. എല്ലായിടത്തും തങ്ങളുടെ എം.എല്‍.എമാരെ സ്വീകരിക്കാന്‍ സ്ത്രീകളടക്കമുള്ളവര്‍ തിരക്കുകൂട്ടി. നഗരത്തിന്‍െറ പ്രധാന ഭാഗങ്ങളില്‍ പായസ വിതരണവും നടന്നു. ചവറയില്‍ എന്‍. വിജയന്‍പിള്ളയുടെ വിജയം നാടൊന്നാകെ ആഘോഷിക്കുന്ന തരത്തിലായിരുന്നു. പല രീതിയിലും എതിരാളികള്‍ ആരോപണം ഉയര്‍ത്തിയിരുന്നെന്നും ആ ആരോപണങ്ങളാണ് വോട്ടായി മാറിയതെന്നും വിജയന്‍പിള്ളയുടെ ഭാര്യ സുമയമ്മ പറഞ്ഞു. നിയമസഭയില്‍ അക്കൗണ്ട് തുറന്നതില്‍ നഗരത്തിലും വിവിധ ഭാഗങ്ങളിലും ബി.ജെ.പി പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തി. ഇതിനിടയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രശ്നങ്ങളാണ് പരാജയങ്ങള്‍ക്ക് കാരണമെന്നാരോപിച്ച് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.