ആരവമില്ലാതെ പുറ്റിങ്ങല്‍ പരിസരം; സൗമ്യ പ്രചാരണവുമായി പ്രവര്‍ത്തകര്‍

പരവൂര്‍: പതിവില്‍നിന്ന് വ്യത്യസ്തമായി ആരവമൊഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളാണ് പുറ്റിങ്ങല്‍ ക്ഷേത്രപരിസരത്ത് ഇത്തവണ നടന്നത്. ശബ്ദഘോഷങ്ങളോടു കൂടിയ പ്രചാരണ വാഹനങ്ങള്‍ അപൂര്‍വമായി മാത്രമേ ഈ ഭാഗങ്ങളില്‍ പര്യടനം നടത്തിയുള്ളൂ. ഇവിടെയത്തെുമ്പോള്‍ വാചകങ്ങള്‍ ഉപയോഗിക്കുന്നതിലും പ്രവര്‍ത്തകരും നേതാക്കളും മിതത്വം പാലിച്ചു. വെടിക്കെട്ടപകടത്തിന്‍െറ ആഘാതമേല്‍പ്പിച്ച മരവിപ്പില്‍നിന്ന് ഇനിയും മോചിതരായിട്ടില്ലാത്ത നാട്ടുകാരോടുള്ള സ്നേഹവും സഹാനുഭൂതിയും മനസ്സില്‍ സൂക്ഷിച്ചാണ് എല്ലാ കക്ഷികളുടെയും പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങിയത്. ദുരന്തത്തെതുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും സഹായ വിതരണങ്ങള്‍ക്കും ഓടിയത്തെിയവര്‍ തന്നെയാണ് തെരഞ്ഞെടുപ്പ് പ്രചാരണവുമായത്തെിയത്. തകര്‍ന്ന വീടുകളില്‍ അടിയന്തര അറ്റകുറ്റപ്പണി ചെയ്ത് തല്‍ക്കാലം അന്തിയുറങ്ങാനുള്ള സൗകര്യമൊരുക്കിയതും കുടിവെള്ളം എത്തിക്കാന്‍ മുന്നില്‍നിന്നതും സാന്ത്വനവുമായി ആശുപത്രികളില്‍ ഓടിയത്തെിയതും രാഷ്ട്രീയപ്രവര്‍ത്തകര്‍ ആയിരുന്നതിനാല്‍ വേദനക്കിടയിലും പ്രവര്‍ത്തകരെ ഓരോ വീട്ടുകാരും ഇരുകൈയും നീട്ടി സ്വീകരിച്ചു. രാഷ്ട്രീയം ഒന്നിനും തടസ്സമായില്ല. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ക്ഷേത്ര പരിസരത്ത് ഇത്തവണ കോര്‍ണര്‍ യോഗങ്ങളോ കുടുംബയോഗങ്ങളോ ഒരു കക്ഷിക്കാരും നടത്തിയില്ല. സ്ഥാനാര്‍ഥികളുടെ സ്വീകരണ ദിവസവും ശബ്ദഘോഷങ്ങള്‍ ഒഴിവാക്കി സൗമ്യസാന്നിധ്യമായാണ് എല്ലാവരുമത്തെിയത്. പ്രവര്‍ത്തകരുടെയും സ്ഥാനാര്‍ഥികളുടെയും ഗൃഹസന്ദര്‍ശനം പോലും നാട്ടുകാര്‍ക്ക് സാന്ത്വനമായി അനുഭവപ്പെടുന്ന തരത്തിലാക്കാന്‍ എല്ലാവരും ശ്രദ്ധിച്ചു. വോട്ട് അഭ്യര്‍ഥിക്കാനല്ല മറിച്ച് അവരുടെ ആവലാതികളെക്കുറിച്ച് ചോദിച്ചറിയാനും പരിഹാര മാര്‍ഗങ്ങളെക്കുറിച്ച് പറഞ്ഞ് ആശ്വസിപ്പിക്കാനുമാണ് പ്രവര്‍ത്തകര്‍ കൂടുതല്‍ സമയവും ചെലവഴിച്ചത്. ഇതില്‍ നാട്ടുകാര്‍ക്കും മറിച്ചൊരഭിപ്രായമില്ല. ഇന്ന സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്ന് പറയുന്നില്ല. എല്ലാവരും വോട്ടുചെയ്യാനത്തെണമെന്ന് മാത്രമാണ് പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചത്. വോട്ട് രേഖപ്പെടുത്താന്‍ പോകുമെന്ന് എല്ലാവരും പറയുന്നു. കഴിവതും രാവിലെതന്നെ വോട്ട് രേഖപ്പെടുത്താനാണ് പലരും തയാറെടുക്കുന്നത്. പരിക്കേറ്റ് ചികിത്സയിലായിരുന്നവരെ വോട്ടെടുപ്പ് കേന്ദ്രങ്ങളിലത്തെിക്കാനുള്ള പരിശ്രമവും പ്രവര്‍ത്തകര്‍ നടത്തുന്നുണ്ട്. ജീവിതത്തില്‍ സാധാരണ നിലയിലേക്ക് വരാന്‍ അത് കുറച്ചെങ്കിലും സഹായകമാകുമെന്ന് വീട്ടുകാരും കരുതുന്നു. പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിന്‍െറ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ സമാപനം കുറിച്ച് നടത്തുന്ന കൊട്ടിക്കലാശം ഇത്തവണ പരവൂര്‍ ടൗണില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ഉപേക്ഷിച്ചിരുന്നു. പരവൂര്‍ മേഖലയില്‍നിന്നുള്ള പ്രവര്‍ത്തകരും ഇത്തവണ ചാത്തന്നൂര്‍ ടൗണിലത്തെിയാണ് കൊട്ടിക്കലാശത്തില്‍ പങ്കുചേര്‍ന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.