പുനലൂര്‍: നാടിനെ ഉരുക്കിയ മേടച്ചൂടിനെ ശമിപ്പിച്ച് വേനല്‍മഴ കുളിരേകിയത്തെിയെങ്കിലും പുനലൂരിലെ മുന്നണിസ്ഥാനാര്‍ഥികളുടെയും പ്രവര്‍ത്തകരുടെയും വിയര്‍പ്പ് അടങ്ങുന്നില്ല. ജന മന$സാക്ഷിയുടെ വിധി നിര്‍ണയത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മണ്ഡലം ഇക്കുറി ആരെ തുണക്കുമെന്നത് പ്രവചനാതീതമാക്കിയാണ് എല്‍.ഡി.എഫ്-യു.ഡി.എഫ് പോരാട്ടം. എന്‍.ഡി.എയുടെ സാന്നിധ്യം കൂടിയായപ്പോള്‍ പരമ്പരാഗതമായി ഇടതിനെ നെഞ്ചിലേറ്റുന്ന മലയോര മണ്ഡലത്തിന്‍െറ പ്രതിനിധി ആരെന്നത് മുന്‍കൂട്ടി നിശ്ചയിക്കാനാകില്ല.പുനലൂര്‍ നഗരസഭ, തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ, ഏരൂര്‍, അഞ്ചല്‍, ഇടമുളയ്ക്കല്‍, കരവാളൂര്‍ പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ മണ്ഡലം. 203912 വോട്ടര്‍മാരില്‍ 107491 പേര്‍ സ്ത്രീകളാണ്. 2413 കന്നിവോട്ടര്‍മാരുണ്ട്. രണ്ടു പതിറ്റാണ്ടായി മണ്ഡലത്തെ നയിക്കുന്ന സി.പി.ഐയുടെ കെ. രാജുവാണ്. ഇദ്ദേഹവും മുസ്ലിം ലീഗിലെ എ. യൂനുസ് കുഞ്ഞും തമ്മിലാണ് നേര്‍ക്കുനേര്‍ പോരാട്ടം. എന്‍.ഡി.എയുടെ അഡ്വ. സിസില്‍ ഫെര്‍ണാണ്ടസ് ഉള്‍പ്പെടെ മറ്റ് അഞ്ചുപേരും രംഗത്തുണ്ട്. കെ. രാജു മൂന്നാം വിജയത്തിനായി ആദ്യമേതന്നെ കളത്തിലിറങ്ങിയിരുന്നു. കഴിഞ്ഞതവണ നേടിയ 18005 വോട്ടിന്‍െറ ഭൂരിപക്ഷവും തദ്ദേശതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലുടനീളം എല്‍.ഡി.എഫിന് ലഭിച്ച വിജയവും മുന്‍നിര്‍ത്തി കടുത്ത ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍, തുടക്കത്തിലുണ്ടായിരുന്ന മുന്നേറ്റം യൂനുസ് കുഞ്ഞിന്‍െറ വരവോടെ കുറഞ്ഞതും പാളയത്തിലെ പടയും കാരണം ഇപ്പോള്‍ എല്‍.ഡി.എഫ് പ്രതിരോധത്തിലാണ്. മണ്ഡലത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി നടപ്പാക്കിയ വികസനങ്ങളാണ് പ്രധാന തുറുപ്പുചീട്ട്. പരമ്പരാഗതമായി എല്‍.ഡി.എഫിന് തുണയാകുന്ന തോട്ടംമേഖലയിലടക്കം ഇക്കുറി വിള്ളല്‍വീഴാതെ പഴുതടച്ചുള്ള പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. യു.ഡി.എഫിനെ സംബന്ധിച്ച് ഇക്കുറി വിജയത്തിനപ്പുറം മറ്റൊന്ന് ഉള്‍ക്കൊള്ളാനാകുന്നില്ല. മുന്‍ തെരഞ്ഞെടുപ്പുകളിലെല്ലാം കാലുവാരല്‍ ആക്ഷേപം കേട്ടു മടുത്തതുകൊണ്ടാകാം ഇത്തവണ തുടക്കത്തിലുണ്ടായിരുന്ന പടലപ്പിണക്കം മാറ്റി കോണ്‍ഗ്രസിന്‍െറ ഗ്രൂപ് നേതാക്കളടക്കം യൂനുസ് കുഞ്ഞിനൊപ്പം സജീവമായി നിലകൊള്ളുന്നത്. ഇത് ഇവിടത്തെ ഫലത്തെ സ്വാധീനിക്കും. പരമ്പരാഗതമായി ഇരുമുന്നണിക്കും വോട്ട് ചെയ്തിരുന്നവരുടെ ഇടയില്‍ വിള്ളലുണ്ടാക്കി വിജയത്തിലേറുമെന്ന വിശ്വാസത്തിലാണ് എന്‍.ഡി.എ. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കൂടുതലായി നേടിയ വോട്ടിനൊപ്പം ബി.ഡി.ജെ.എസിന്‍െറ സഹായമാണ് ഇവര്‍ പ്രതീക്ഷീക്കുന്നത്. എന്നാല്‍, മണ്ഡലത്തിലെ പ്രധാന വോട്ടുബാങ്കില്‍ കാര്യമായ വിള്ളല്‍ വീഴ്ത്താന്‍ കഴിയില്ളെന്നാണ് അവസാന റൗണ്ട് നല്‍കുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.