മത്സ്യോല്‍പാദന കേന്ദ്രം നിര്‍മാണം തടസ്സപ്പെട്ടു

കുളത്തൂപ്പുഴ: ജില്ലാ പഞ്ചായത്ത് ഫിഷറീസ് വകുപ്പിന്‍െറയും മത്സ്യഫെഡിന്‍െറയും സഹകരണത്തോടെ കുളത്തൂപ്പുഴയില്‍ ആരംഭിക്കുന്ന ആധുനിക മത്സ്യോല്‍പാദന കേന്ദ്രത്തിന്‍െറ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തതാണ് കാരണം. കുളത്തൂപ്പുഴ നെടുവന്നൂര്‍ കടവില്‍ അന്തര്‍സംസ്ഥാന പാതയോരത്ത് ജലസേചന വകുപ്പിന്‍െറ അധീനതയിലെ 10 ഏക്കര്‍ ചതുപ്പ് പ്രദേശമാണ് പദ്ധതി നടത്തിപ്പിനായി തെരഞ്ഞെടുത്തിട്ടുള്ളത്. പ്രതിവര്‍ഷം സംസ്ഥാനത്താകമാനം ആവശ്യമുള്ള മത്സ്യക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്നതോടൊപ്പം പ്രദേശത്തെ ടൂറിസം വികസനം കൂടി ലക്ഷ്യമിട്ട് അലങ്കാര മത്സ്യകൃഷിയും അക്വാപാര്‍ക്കും ഉള്‍പ്പെടുത്തി തയാറാക്കിയ പദ്ധതിക്ക് 3.93 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. പദ്ധതിയുടെ പ്രാരംഭ നിര്‍മാണ പ്രവൃത്തികള്‍ക്കായി ചതുപ്പ് പ്രദേശത്തുകൂടി റോഡു നിര്‍മിക്കാന്‍ മണ്ണിട്ടു നികത്തുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. എന്നാല്‍, പാതയൊരുക്കാന്‍ ആവശ്യമായ മണ്ണും പാറയും എത്തിക്കാന്‍ വകുപ്പുതല അനുമതി നേടാതെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചതിനാല്‍ ജിയോളജി വകുപ്പ് ഇടപെട്ട് കുളത്തൂപ്പുഴ പൊലീസ് വാഹനങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍, പാറ കൊണ്ടുവരാന്‍ അനുമതി ഉണ്ടായിരുന്നെന്നും ഈ അനുമതി ഉപയോഗിച്ച് മണ്ണ് കൊണ്ടുവന്നു എന്ന ന്യായം പറഞ്ഞ് നിര്‍മാണം തടസ്സപ്പെടുത്തി പദ്ധതി അട്ടിമറിക്കാനാണ് ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജയമോഹന്‍ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.