പത്തനാപുരം മാര്‍ക്കറ്റിലെ കച്ചവടം മാലിന്യത്തിനു നടുവില്‍

പത്തനാപുരം: മാലിന്യത്തിനുനടുവില്‍ രോഗഭീതിയുമായി പത്തനാപുരം മാര്‍ക്കറ്റിലെ വ്യാപാരികള്‍. ഡെങ്കിപ്പനി, കരിമ്പനി ഉള്‍പ്പെടെ മാരകരോഗങ്ങള്‍ പ്രദേശത്ത് സ്ഥിരീകരിക്കുമ്പോഴും മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് വ്യാപാരം നടത്തുന്നത്. കെട്ടിക്കിടക്കുന്ന മലിനജലത്തില്‍നിന്ന് ദുര്‍ഗന്ധം ശ്വസിച്ചാണ് വ്യാപാരം. മലിനജലവും മറ്റും നീക്കം ചെയ്യുന്നതിന് പൈപ്പ് ലൈന്‍ സ്ഥാപിച്ചിരുന്നെങ്കിലും നശിച്ച നിലയിലാണ്. മാര്‍ക്കറ്റിനുള്ളിലെ പൊതുകിണറും വറ്റി വരണ്ടു. അത്യാവശ്യകാര്യങ്ങള്‍ നിറവേറ്റാനായി വെള്ളം പണം നല്‍കി വാങ്ങുകയാണിവര്‍. പുലര്‍ച്ചെ വ്യാപാരത്തിനായി എത്തുന്ന തൊഴിലാളികള്‍ വൈകിയാണ് വീടുകളിലേക്ക് മടങ്ങുന്നത്. മാര്‍ക്കറ്റിലെ കംഫര്‍ട്ട് സ്റ്റേഷനാകട്ടെ വെള്ളം ഇല്ലാത്തതിനാല്‍ അടഞ്ഞുകിടക്കുകയാണ്. മാലിന്യം നീക്കാനും ശുചീകരണത്തിനുമായി പഞ്ചായത്തില്‍നിന്ന് തൊഴിലാളികളെ നിയമിച്ചിട്ടുണ്ടെങ്കിലും വല്ലപ്പോഴുമാണ് എത്തുന്നത്. ദുര്‍ഗന്ധം മൂലം സാധനങ്ങള്‍ വാങ്ങാന്‍ ആള്‍ക്കാര്‍ എത്തുന്നതും മടിച്ചാണ്. മത്സ്യവ്യാപാരത്തിന് വര്‍ഷാവര്‍ഷം ലേലത്തില്‍ വന്‍തുക നല്‍കിയാണ് തൊഴിലാളികള്‍ അനുമതി വാങ്ങാറുള്ളത്. എന്നാല്‍, ലേലവ്യവസ്ഥയില്‍ വ്യാപാരികള്‍ക്ക് വേണ്ട ആനുകൂല്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കാറില്ല. അധികൃതരുടെ അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.