മണ്ണെണ്ണ വിളക്കിന്‍െറ വെളിച്ചത്തില്‍ ഈ വിജയം

പത്തനാപുരം: ചോര്‍ന്നൊലിക്കുന്ന കൂരക്ക് കീഴില്‍ മണ്ണെണ്ണ വിളക്കിന്‍െറ വെളിച്ചത്തിലിരുന്ന് ഭാഗ്യലക്ഷ്മി നേടിയത് എ പ്ളസ് വിജയം. പൂങ്കുളഞ്ഞി വയലരികത്ത് ശ്രീകൃഷ്ണവിലാസത്തില്‍ പ്രകാശ്കുമാര്‍-ശ്രീകല ദമ്പതികളുടെ മകള്‍ ഭാഗ്യലക്ഷ്മിയാണ് 10ാം ക്ളാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ളസോടെ തിളക്കമാര്‍ന്ന വിജയം നേടിയത്. പരാധീനതകളെ മറികടന്ന് നാട്ടിലെയും താരമായിരിക്കുകയാണ് ഭാഗ്യലക്ഷ്മി. ടാര്‍പ്പോളിന്‍കൊണ്ട് നിര്‍മിച്ച കൂരയിലാണ് ഈ കുടുംബത്തിന്‍െറ താമസം. മലയോര മേഖലയായ മാങ്കോട് ഗവ. ഹൈസ്കൂളില്‍നിന്നുള്ള ഭാഗ്യലക്ഷ്മിയുടെ വിജയം ട്യൂഷനുമില്ലാതെയാണ്. ആദ്യ ഒരു മാസം ട്യൂഷന് പോയെങ്കിലും ഫീസ് നല്‍കാനുണ്ടായ ബുദ്ധിമുട്ട് തടസ്സമാകുകയായിരുന്നു. പിതാവ് പ്രകാശിന് കിണര്‍ നിര്‍മാണ ജോലിയാണ്. താമസിക്കുന്നിടത്ത് വൈദ്യുതി വെളിച്ചമത്തെുന്നത് ഭാഗ്യലക്ഷ്മിയുടെ പരീക്ഷക്ക് ശേഷമാണ്. മൂന്നുസെന്‍റ് സ്ഥലം മാത്രമാണ് ആകെയുള്ളത്. ഇതാകട്ടെ ബുദ്ധിമുട്ടുകള്‍ കണ്ട് പ്രകാശിന്‍െറ ഒരു സുഹൃത്ത് നല്‍കിയതും. സമീപത്തെ പുരയിടത്തില്‍നിന്ന് കമ്പിവേലി ചാടി വേണം വീട്ടിലത്തൊന്‍. രണ്ടു മുറികളുള്ള വീട്ടില്‍ പാചകവും കുട്ടികളുടെ പഠനവും എല്ലാം മുറ്റത്തിരുന്നാണ്. പ്രതിസന്ധികളില്‍ പകച്ചുനില്‍ക്കാതെ കഠിനാധ്വാനത്തിലൂടെ വിജയിച്ച ഭാഗ്യലക്ഷ്മിക്ക് ശാസ്ത്രത്തില്‍ ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കി അധ്യാപികയാകാനാണ് ഇഷ്ടം. മാങ്കോട് സ്കൂളില്‍നിന്ന് ഇത്തവണ രണ്ടു കുട്ടികള്‍ക്ക് മാത്രമാണ് എല്ലാ വിഷയത്തിനും എ പ്ളസ് ലഭിച്ചത്. സ്കൂളിലെ അധ്യാപകര്‍ ഏറെ സഹായിച്ചിരുന്നതായി ഭാഗ്യലക്ഷ്മി പറയുന്നു. എട്ടാം ക്ളാസ് വിദ്യാര്‍ഥി ഇന്ദുചൂഡനാണ് സഹോദരന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.