കല്ലുംകടവും പരിസരവും കഞ്ചാവ് മാഫിയയുടെ വിഹാരകേന്ദ്രം

പത്തനാപുരം: കഞ്ചാവ് മാഫിയയുടെ വിഹാരകേന്ദ്രമായി പത്തനാപുരം കല്ലുംകടവ് മാറുന്നു. ഗ്രാമപഞ്ചായത്തിന്‍െറ ഉടമസ്ഥതയിലുള്ള സാംസ്കാരികനിലയത്തിന്‍െറ കെട്ടിടവും മൂത്രപ്പുരക്കായി നിര്‍മിച്ച ഷെഡും കേന്ദ്രീകരിച്ചാണ് കഞ്ചാവു വില്‍പനയും ഉപയോഗവും. ദിവസവും രാവിലെ നാലോടെ വില്‍പനക്കാരും ആവശ്യക്കാരും ഇവിടെ എത്തും. രാത്രി വൈകുന്നതുവരെ ഇത് തുടരും. സമീപത്തെ തേക്കിന്‍ കാട്ടിലും കല്ലുംക്കടവ് തോടിനോട് ചേര്‍ന്നുള്ള ഇടങ്ങളിലുമാണ് കഞ്ചാവ് സൂക്ഷിക്കുന്നത്. പൊലീസിനെ നിരീക്ഷിക്കാനും ഇവര്‍ സംഘത്തെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഞ്ചാവ് വാങ്ങുന്നതിലധികവും 16 വയസ്സില്‍ താഴെ പ്രായമുള്ള വിദ്യാര്‍ഥികളാണ്. കഴിഞ്ഞദിവസം കഞ്ചാവ് വില്‍പനക്കിടെ പൊലീസ് പിടിയിലായ ചെമ്പനരുവി സ്വദേശി മഞ്ചേഷിന്‍െറ ഇടപാടുകാരിലധികവും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളാണെന്ന് പൊലീസ് കണ്ടത്തെിയിരുന്നു. കഞ്ചാവിനായി മഞ്ചേഷിനെ വിളിച്ച നിരവധി വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സഹപാഠികളായ നിരവധി പെണ്‍കുട്ടികളും ഇവരുടെ വലയില്‍ കുടുങ്ങിയിട്ടുണ്ട്. കല്ലുംകടവില്‍ ഉപയോഗശൂന്യമായിക്കിടക്കുന്ന സാംസ്കാരികനിലയം പ്രവര്‍ത്തനസജ്ജമാക്കിയാല്‍ ഒരുപരിധിവരെ അതിനെ ചുറ്റിപ്പറ്റിയുള്ള മാഫിയാ സംഘങ്ങളെ ഒഴിവാക്കാനാകും. കടക്കാമണ്‍ കോളനിയിലും കഞ്ചാവുസംഘം വിഹരിക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം മാഫിയകളെ പിടികൂടാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് എസ്.ഐ രാഹുല്‍ രവീന്ദ്രന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.