വേനല്‍ കടുത്തു; വാനരന്മാര്‍ വീട് തകര്‍ത്ത് ഭക്ഷണം അപഹരിക്കുന്നു

ഓയൂര്‍: കടുത്ത ചൂടിനെതുടര്‍ന്ന് മുട്ടറ മരുതിമലയില്‍നിന്ന് നാട്ടിലിറങ്ങിയ വാനരസംഘം കട്ടയില്‍, ചെറുകരക്കോണം, മുട്ടറ, കുടവട്ടൂര്‍, കടയ്ക്കോട് പ്രദേശങ്ങളിലെ വീടുകള്‍ തകര്‍ത്ത് ഭക്ഷണം അപഹരിക്കുന്നതായി പരാതി. പട്ടികജാതിക്കാര്‍ താമസിക്കുന്ന ഓടിട്ടതും ഷീറ്റിട്ടതുമായ വീടുകള്‍ തകര്‍ത്താണ് വാനരന്മാര്‍ അകത്തുകടന്ന് ഭക്ഷണവും ഗാര്‍ഹിക ഉപകരണങ്ങളും നശിപ്പിക്കുന്നത്. മേഖല കടുത്ത കുടിവെള്ളക്ഷാമത്തിലാണ്. ദൂരെയുള്ള സ്ഥലങ്ങളില്‍നിന്ന് ആഴ്ചയില്‍ രണ്ടുപ്രാവശ്യം പൈപ്പ് വഴി ലഭിക്കുന്ന കുടിവെള്ളം സൂക്ഷിക്കുന്ന കലങ്ങള്‍ വാനരന്മാര്‍ കൂട്ടമായി വന്ന് എടുത്തുകൊണ്ട് പോകുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. ഓടും ടാര്‍പ്പയും ഷീറ്റും വാനരന്മാര്‍ ഇളക്കിമാറ്റുന്നു. നാനൂറോളം വാനരന്മാരാണ് മലയിറങ്ങി നാട്ടിന്‍പുറങ്ങളിലേക്ക് എത്തിയത്. നീര്‍ച്ചാലുകളും കൈത്തോടുകളും വറ്റിയതോടെ വീട്ടുകാര്‍ സൂക്ഷിച്ചുവെക്കുന്ന ജലത്തില്‍ വാനരന്മാര്‍ മലമൂത്രവിസര്‍ജനം ഉള്‍പ്പെടെ നടത്തുന്നുണ്ട്. കെ.ഐ.പി കനാല്‍ വഴി ലഭിക്കുന്ന ജലം ശേഖരിച്ചാണ് പ്രദേശത്തെ കൃഷിയിടങ്ങളിലേക്ക് ഒഴുക്കിവിടുന്നത്. കാര്‍ഷികവിളകള്‍ വാനരക്കൂട്ടം മൊത്തമായി നശിപ്പിക്കുകയാണ്. ഹെക്ടര്‍ കണക്കിന് വാഴ നട്ട ചെറുകരക്കോണത്ത് കുല മുഴുവനായും കൊണ്ടുപോകുന്നു. ഇവിടെ കര്‍ഷകര്‍ക്ക് വന്‍ നഷ്ടമാണ് ഉണ്ടായത്. കഴിഞ്ഞവര്‍ഷം ജലം ലഭിക്കാതെ ഉണങ്ങിയ കാര്‍ഷികവിളയുടെ ആനുകൂല്യം സര്‍ക്കാറില്‍നിന്ന് ഇതുവരെ ലഭിച്ചിട്ടില്ളെന്ന പരാതിയുമുണ്ട്. ഓടുകള്‍ തകര്‍ക്കുന്നതുമൂലം മിക്ക വീടുകളുടെ മുകളില്‍ ടാര്‍പ്പായ ഇടേണ്ട അവസ്ഥയാണ്. ടാര്‍പ്പായയില്‍ നിന്നുള്ള ചൂടുമൂലം വീട്ടിനുള്ളില്‍ പകല്‍ കഴിയാന്‍ സാധിക്കുന്നില്ല. വെളിയം പഞ്ചായത്തിനും അഞ്ചല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പ്രദേശവാസികളും പരിസ്ഥിതിപ്രവര്‍ത്തകരും പരാതി നല്‍കിയിട്ടും ഫലമില്ല. വാനരന്മാരെ പിടികൂടി വനത്തില്‍ വിടുന്നത് പ്രായോഗികമല്ളെന്നാണ് അധികൃതരുടെ മറുപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.