കുണ്ടറ ലഹരിയില്‍; കഞ്ചാവ് കടത്താന്‍ പ്രത്യേക സംവിധാനം

കുണ്ടറ: കഞ്ചാവുള്‍പ്പെടെയുള്ള ലഹരിപദാര്‍ഥങ്ങളുടെ പ്രധാനപ്പെട്ട ഉപഭോഗകേന്ദ്രമായി കുണ്ടറ വികസിക്കുന്നു.റെയില്‍വേസ്റ്റേഷന്‍ പരിസരവും റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഐ.എച്ച്.ആര്‍.ഡി കോളജ് വരെയുള്ള വഴികളും ഇടവഴികളും പ്ളാറ്റ്ഫോമിലെ ബെഞ്ചുകളും ലഹരി കൈമാറ്റ കേന്ദ്രങ്ങളാണ്. ട്രെയിന്‍വഴി വരുന്ന മയക്കുമരുന്നുകള്‍ ഒളിപ്പിച്ചുവെക്കാന്‍ ഉപയോഗശൂന്യമായിക്കിടക്കുന്ന റെയില്‍വേ ക്വാര്‍ട്ടേഴ്സുകളും കുറ്റിക്കാടുകളും സഹായകരമാണ്. കുട്ടികള്‍ക്ക് വൈറ്റ്നര്‍, ലഹരി പകരുന്ന ചിലയിനം മിഠായികള്‍, ഹുക്കാട്യൂബിന്‍െറ മാതൃകയില്‍ ചെറിയ ഉപകരണങ്ങളില്‍ ഉള്ളിലേക്ക് വലിക്കുന്ന ലഹരിദായക സമ്പ്രദായം, കത്തിച്ച കഞ്ചാവ് ബീഡി വലിക്കാന്‍ നല്‍കുകയും ഒരു വലിക്ക് അഞ്ച് രൂപ നിരക്കില്‍ ഈടാക്കുകയും ചെയ്യുന്ന രീതി, ചിലയിനം ഗുളികകള്‍, കുത്തിവെക്കുന്ന മരുന്ന്, ശരീരത്തില്‍ ബ്ളേഡ് ഉപയോഗിച്ച് ചെറിയ മുറിവുണ്ടാക്കി അതിലൂടെ ലഹരി പകരുന്ന രീതി ഒക്കെ കുട്ടികളിലേക്ക് എത്തുകയാണ്. പാന്‍പരാഗ് പോലെയുള്ള ലഹരിയും വ്യാപകമാണ്. ഉപഭോക്താക്കളായ കൗമാരക്കാരെ വലിയ പ്രയാസമില്ലാതെ വലയിലാക്കാനുള്ള സാഹചര്യമാണ് നിലവില്‍ കുണ്ടറയിലുള്ളത്. കൊളജുകളിലും സ്കൂളുകളിലും പഴയകാലത്തേതുപോലെ അധ്യാപകര്‍ക്ക് കുട്ടികളില്‍ നിയന്ത്രണമില്ലാതായത് കുട്ടികളുടെ വഴിതെറ്റലിന് ഒരുപോലെ കാരണമാവുകയാണ്. യു.പി, ഹൈസ്കൂള്‍ കുട്ടികള്‍ പുറത്തുള്ള ‘ചേട്ടന്മാരു’മായി കൂട്ടുകൂടി നടക്കുന്നതും ചങ്ങാത്തം കൂടുന്നതും വിലക്കുന്ന അധ്യാപകര്‍ക്ക് ബാലാവകാശ കമീഷനിലുള്‍പ്പെടെ പരാതി നല്‍കി പീഡിപ്പിക്കുമെന്ന ഭീഷണിയാണ് നേരിടേണ്ടിവരുന്നത്. കുട്ടികളോടും സ്കൂള്‍ അച്ചടക്കത്തോടുമുള്ള അധ്യാപകരുടെ മനോഭാവം മാറിയതും കുട്ടികളുടെ വഴിതെറ്റലിന് കാരണമായി. സ്കൂളിന് മുന്നിലും സ്കൂള്‍ പരിസരത്തും റെയില്‍വേ പുറമ്പോക്കിലും ഒഴിഞ്ഞ പുരയിടങ്ങള്‍ കേന്ദ്രീകരിച്ചും തമ്പടിക്കുന്ന ലഹരിവിതരണക്കാരെ നിരീക്ഷിക്കുന്നതിനോ വിലക്കുന്നതിനോ അധ്യാപകര്‍ക്കും മുതിര്‍ന്നവര്‍ക്കും കഴിയുന്നില്ല. മദ്യപാനിയെ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് കണ്ടത്തെി പൊലീസിന് കൈകാര്യം ചെയ്യാന്‍ കഴിയുമ്പോള്‍ ലഹരി ഉപയോഗിക്കുന്നവരെ ലളിതമായി കണ്ടത്തൊനോ കേസെടുക്കുന്നതിന് തെളിവുകള്‍ ശേഖരിക്കാനോ കഴിയാത്ത സ്ഥിതിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.