പരിക്കേറ്റ് അവശനിലയിലായ കാട്ടാനക്ക് വനംവകുപ്പ് പരിചരണം നല്‍കി

കുളത്തൂപ്പുഴ: വനത്തിനുള്ളില്‍ പരിക്കേറ്റ് അവശനിലയിലായ കാട്ടാനക്ക് വനംവകുപ്പ് പരിചരണം നല്‍കി. കുളത്തൂപ്പുഴ വനം റെയ്ഞ്ചില്‍ ശംഖിലി സെക്ഷനില്‍ ഉള്‍പ്പെട്ട ശാസ്താംനട പ്രദേശത്തെ വനത്തിനുള്ളില്‍ കഴിഞ്ഞദിവസമാണ് പ്രദേശവാസികള്‍ പരിക്കേറ്റ് അവശനിലയിലായ ആനയെ കണ്ടത്തെിയത്. വനത്തില്‍ ചതുപ്പ് പ്രദേശത്ത് നിലയുറപ്പിച്ച കാട്ടാനയുടെ ചിന്നംവിളി കേട്ടാണ് വനവിഭവങ്ങള്‍ തേടിയത്തെിയ പ്രദേശവാസികള്‍ ആനയെ കണ്ടത്തെിയത്. നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ കുളത്തൂപ്പുഴ റെയ്ഞ്ച് വനപാലകരുടെ സഹായത്തോടെ വെറ്ററിനറി ഡോക്ടര്‍മാരത്തെി ആനക്ക് ശുശ്രൂഷ നല്‍കി. ആനകള്‍ തമ്മിലുള്ള ആക്രമണത്തില്‍ പരിക്കേറ്റതാണെന്നും വയറിലും കാലിനും ഏറ്റ മുറിവുകള്‍ പഴുത്ത് പുഴുവരിച്ച നിലയിലാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പരിക്കിന്‍െറ കാഠിന്യത്താല്‍ ദിവസങ്ങളായി ഭക്ഷണം കഴിക്കാതെ അവശനിലയിലായ കാട്ടാന വനത്തിനുള്ളിലേക്ക് കടന്നുപോകാനാവാത്ത നിലയില്‍ ചതുപ്പ് പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ മുറിവ് വൃത്തിയാക്കി മരുന്ന് വെച്ചുകെട്ടുകയായിരുന്നു. തുടര്‍ന്ന് രണ്ടു താല്‍ക്കാലിക ജീവനക്കാരെ ആനയെ നിരീക്ഷിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ശേഷം ഡോക്ടര്‍മാരുടെ സംഘം മടങ്ങി. വൈകീട്ടോടെ കാട്ടാന മയക്കം വിട്ടുണര്‍ന്ന് വനത്തിറമ്പിലേക്ക് നീങ്ങിയതായി താല്‍ക്കാലിക ജീവനക്കാര്‍ അറിയിച്ചു. ദിവസങ്ങളായി ഭക്ഷണം കഴിക്കാതിരുന്ന കാട്ടാന തീറ്റ കഴിച്ച് ആരോഗ്യസ്ഥിതി വീണ്ടെടുക്കുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ മയക്കുവെടി വെച്ച് മുറിവ് വൃത്തിയാക്കി മരുന്നു വെച്ച് വിടുമെന്ന് വനപാലകര്‍ പറഞ്ഞു. എന്നാല്‍, പ്രദേശത്ത് കാട്ടാനക്കൂട്ടങ്ങളുടെ സാന്നിധ്യം കൂടുതലായതിനാല്‍ മുറിവ് വെച്ചുകെട്ടിയ ആന ഇവയുടെ മുന്നില്‍പെടുകയാണെങ്കില്‍ വീണ്ടും അപകടത്തില്‍പെടുന്നതിനുള്ള സാധ്യത ഏറെയാണെന്ന് നാട്ടുകാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.