ടൂറിസം വികസനം തേടി മലമേല്‍

അഞ്ചല്‍: മലമേലില്‍ ഇക്കോടൂറിസത്തിന് സാധ്യതയേറെയാണെങ്കിലും നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. പുനലൂര്‍ താലൂക്കിലെ അറയ്ക്കല്‍ വില്ളേജിലുള്ളതും സമുദ്രനിരപ്പില്‍നിന്ന് 800 അടി ഉയരമുള്ളതുമായ മലമേലില്‍ പ്രകൃതി സൗഹൃദ ടൂറിസം പദ്ധതി നടപ്പാക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വനേതര മേഖലയില്‍ ഏറ്റവും കൂടുതല്‍ ചന്ദനമരങ്ങള്‍ വളരുന്നതും ഇവിടെയാണ്. അപൂര്‍വങ്ങളായ വൃക്ഷസസ്യജാലങ്ങളും അപൂര്‍വയിനം പക്ഷികളും ജന്തുക്കളും നൂറുകണക്കിന് കുരങ്ങുകളും പുല്‍മേടുകളും പാറമധ്യത്തിലെ ഒരിക്കലും വറ്റാത്ത കുളവും ഗുഹകളും ഇവിടത്തെ പ്രത്യേകതകളാണ്. ഇവിടത്തെ ചിരപുരാതനമായ ഇരുമ്പൂഴിക്കുന്ന് ശങ്കരനാരായണ ക്ഷേത്രം ഏറെ പ്രശസ്തമാണ്. ഒരു ശ്രീകോവിലില്‍തന്നെ രണ്ട് ദിക്കുകളിലേക്ക് ദര്‍ശനമരുളുന്ന പ്രതിഷ്ഠകളുള്ളതാണ് ക്ഷേത്രം. അമ്പലത്തിന് ചുറ്റുമുള്ള വിശാലമായ പാറപ്പരപ്പില്‍ നിന്നാല്‍ സൂര്യോദയവും അസ്തമയവും തടസ്സം കൂടാതെ കാണാം. നിത്യേന നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെയത്തെുന്നത്. തദ്ദേശീയരായ ടൂറിസ്റ്റുകളെ കൂടാതെ, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, ഛത്തിസ്ഗഢ്, ഒഡിഷ, രാജസ്ഥാന്‍ എന്നീ ഇതര സംസ്ഥാനങ്ങളില്‍നിന്നും ആളുകളത്തെുന്നുണ്ട്. അന്തരീക്ഷത്തിനും പരിസ്ഥിതിക്കും ഹാനികരമല്ലാത്ത രീതിയില്‍ ടൂറിസം പദ്ധതി നടപ്പാക്കണമെന്ന് പ്രദേശത്തെ വിവിധ സംഘടനകളും വ്യക്തികളും അധികൃതരോടാവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടിയുണ്ടായില്ല. വര്‍ഷങ്ങളായി തുടരുന്ന അനധികൃത പാറഖനനം നിര്‍ത്തണമെന്നുള്ള നിവേദനങ്ങളും അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇവിടം സന്ദര്‍ശിച്ചിട്ടുള്ള ജനപ്രതിനിധികളെല്ലാം തങ്ങളുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് വികസനം നടപ്പാക്കുമെന്ന് വാഗ്ദാനം നല്‍കിയതല്ലാതെ ഒന്നും നടപ്പായില്ല. നാട്ടുകാര്‍ പുതിയതദ്ദേശ ഭരണസമിതിക്ക് മുന്നില്‍ വിഷയം ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. ഇവരില്‍നിന്ന് അനുകൂലമായ തീരുമാനമുണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.