താലൂക്ക് ഓഫിസ് വിഭജിച്ചിട്ടും ചുറ്റിക്കലിന് കുറവില്ല

പത്തനാപുരം: പുനലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ച താലൂക്ക് ഓഫിസ് വിഭജിച്ച് പത്തനാപുരം പ്രത്യേകം താലൂക്കായിട്ടും ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരമില്ല. നടുക്കുന്നില്‍ മിനി സിവില്‍സ്റ്റേഷന്‍ സ്ഥാപിക്കുകയും നഗരത്തില്‍ പല ഭാഗങ്ങളിലായിരുന്ന സര്‍ക്കാര്‍ ഓഫിസുകള്‍ അവിടേക്ക് മാറ്റുകയുമായിരുന്നു ആദ്യപരിപാടി. എന്നാല്‍, ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളും കെട്ടിടത്തിലേക്ക് മാറ്റിയില്ല. നിലവില്‍ വില്ളേജ് ഓഫിസ്, താലൂക്ക് ഓഫിസ്, തെരഞ്ഞെടുപ്പ്-സര്‍വേ വിഭാഗങ്ങള്‍, പൊതുമരാമത്ത് വിഭാഗം എന്നിവ മാത്രമാണ് സിവില്‍ സ്റ്റേഷനിലുള്ളത്. ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമായ സബ് രജ്സ്ട്രാര്‍ ഓഫിസും സബ് ട്രഷറിയും ഐ.സി.ഡി.എസ് ഓഫിസും ഇപ്പോഴും വാടക കെട്ടിടങ്ങളിലാണ്. പ്രതിമാസം ഓരോ കെട്ടിടങ്ങള്‍ക്കും പതിനായിരക്കണക്കിന് രൂപയാണ് വാടകയിനത്തില്‍ സര്‍ക്കാറിന് നഷ്ടം. ഇതിനിടെ സ്വകാര്യവ്യക്തികളെ സഹായിക്കാന്‍ വേണ്ടിയാണ് ഓഫിസുകള്‍ മാറ്റാത്തതെന്നും ആക്ഷേപമുണ്ട്. സിവില്‍സ്റ്റേഷന്‍െറ മൂന്നാംനില കൂടി പൂര്‍ത്തിയായെങ്കിലേ പുതിയ ഓഫിസുകള്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയൂ. കോടതികള്‍, സ്റ്റാറ്റിസ്റ്റിക്കല്‍, എംപ്ളോയ്മെന്‍റ് ഓഫിസുകള്‍ അടക്കം നിരവധി സ്ഥാപനങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. ഉദ്ഘാടനവേളയില്‍തന്നെ എല്ലാ ഓഫിസുകളും സിവില്‍സ്റ്റേഷനിലേക്ക് മാറ്റുമെന്നായിരുന്നു പ്രഖ്യാപനം. വസ്തുസംബന്ധമായ രേഖകള്‍ക്കായി കിലോമീറ്ററുകള്‍ സഞ്ചരിച്ച് സബ് രജിസ്ട്രാര്‍ ഓഫിസിലും വില്ളേജ് ഓഫിസുകളിലും കയറിയിറങ്ങേണ്ട സ്ഥിതിയാണ്. ഇതിനിടെ സിവില്‍ സ്റ്റേഷന്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കാത്തതിനാല്‍ ആളുകള്‍ക്ക് പുനലൂര്‍ സിവില്‍ സ്റ്റേഷനെയും ആശ്രയിക്കേണ്ടിവരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.