ശിവമന്ത്രാക്ഷരങ്ങളില്‍ മഹാശിവരാത്രി

തിരുവനന്തപുരം: ശിവസ്തുതികളില്‍ ഭക്തിയുടെ പുണ്യം പകര്‍ന്ന് മഹാശിവരാത്രി ദിവസമായ തിങ്കളാഴ്ച ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടന്നു. പൂജകളും ശിവസ്തുതികളും ഉള്‍പ്പെട്ട അഖണ്ഡനാമ ജപവുമായി ചൊവ്വാഴ്ച പുലര്‍ച്ചെവരെ നീളുന്നതാണ് ശിവരാത്രി ആഘോഷം. ഉത്സവത്തിന്‍െറ ഭാഗമായുള്ള ശിവാലയ ഓട്ടത്തിലും ആയിരക്കണക്കിന് ഭക്തര്‍ പങ്കെടുത്തു. ജില്ലയിലെ പ്രധാന ക്ഷേത്രമായ ശ്രീകണ്ഠേശ്വരത്ത് വിപുലമായ ആഘോഷങ്ങമാണ് നടന്നത്. അഹോരാത്രഘൃതധാരയായിരുന്നു പ്രധാന ചടങ്ങ്. വിശ്വാസികള്‍ നല്‍കുന്ന നെയ്യ് ഉപയോഗിച്ച് നടത്തുന്ന അഭിഷേകമാണിത്. പുലര്‍ച്ചെ വലിയ ഋഷഭവാഹനത്തില്‍ എഴുന്നള്ളിപ്പും നടന്നു. ദര്‍ശനത്തിന് വന്‍ തിരക്കാണ് ഇവിടെ ഉണ്ടായത്. കമലേശ്വരം മഹാദേവര്‍ ക്ഷേത്രം, കാലടി മഹാദേവ ക്ഷേത്രം, കാരയ്ക്കാമണ്ഡപം ശിവക്ഷേത്രം, വെള്ളായണി ശിവോദയം ശിവക്ഷേത്രം, നീറമണ്‍കര ശിവക്ഷേത്രം, തളിയല്‍ ശിവക്ഷേത്രം, പൂജപ്പുര ചെങ്കള്ളൂര്‍ ശിവക്ഷേത്രം തുടങ്ങി പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ഭക്തരുടെ തിരക്കായിരുന്നു. അഹോരാത്ര അഖണ്ഡനാമജപം, നവകലശാഭിഷേകം, പുഷ്പാര്‍ച്ചന, യാമപൂജകള്‍, നിറപറ സമര്‍പ്പണം, മ്യുത്യുഞ്ജയഹോമം എന്നിവ പ്രധാന പൂജകളായിരുന്നു. വിവിധ കലാപരിപാടികളും ക്ഷേത്രങ്ങളില്‍ അരങ്ങേറി. തിരക്ക് പരിഗണിച്ച് കര്‍ശനസുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. ആഘോഷങ്ങളുടെ ചടങ്ങുകള്‍ സമാപിക്കുന്ന ചൊവ്വാഴ്ച വൈകീട്ട് ദര്‍ശനത്തിന് വന്‍ തിരക്കാവും ഉണ്ടാവുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.