ശാസ്താംകോട്ട: കുന്നത്തൂര്‍ താലൂക്കിലെ സര്‍ക്കാര്‍ ആതുരാലയങ്ങള്‍ രോഗികള്‍ക്ക് പ്രയോജനപ്പെടാത്ത നിലയിലായി. ശാസ്താംകോട്ടയിലെ താലൂക്ക് ആസ്ഥാന ആശുപത്രി മുതല്‍ പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ വരെ ബ്ളോക്-ഗ്രാമ പഞ്ചായത്തുകളുടെ കെടുകാര്യസ്ഥതയുടെ നേര്‍ക്കാഴ്ചയായി മാറിയിരിക്കുകയാണ്. പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ നിര്‍ധനരോഗികള്‍ വന്‍തുക ചെലവഴിച്ച് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടാന്‍ നിര്‍ബന്ധിതമാവുകയാണ്. ശാസ്താംകോട്ട ബ്ളോക് പഞ്ചായത്തിന്‍െറ ഭരണച്ചുമതലയിലാണ് ശാസ്താംകോട്ട താലൂക്ക് ആസ്ഥാന ആശുപത്രിയും മൈനാഗപ്പള്ളി, ശൂരനാട് വടക്ക് സാമൂഹികാരോഗ്യകേന്ദ്രങ്ങളും. ശൂരനാട് തെക്ക്, കുന്നത്തൂര്‍, പടിഞ്ഞാറേകല്ലട, പോരുവഴി പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ അതത് ഗ്രാമപഞ്ചായത്തുകളുടെ നിയന്ത്രണത്തിലും. താലൂക്കാശുപത്രി ഇന്ന് പൂര്‍ണമായും കുത്തഴിഞ്ഞ നിലയിലാണ്. 14 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് കരാറുകാര്‍ ഉള്‍പ്പെടെ ഏഴുപേര്‍ മാത്രമാണുള്ളത്. കഴിഞ്ഞ ഭരണത്തില്‍ സ്ഥലംമാറിപ്പോയ ശിശുരോഗ, എല്ലുരോഗ വിദഗ്ധര്‍ക്ക് ഇനിയും പകരക്കാര്‍ എത്തിയിട്ടില്ല. ഒ.പിയില്‍ എത്തുന്ന രോഗികള്‍ക്ക് മൂന്നുമണിക്കൂര്‍ വരെ കാത്തുനിന്നാലല്ലാതെ ഡോക്ടര്‍മാരെ കാണാന്‍ കഴിയില്ല. പലപ്പോഴും ഒ.പി നാമമാത്രമായാണ് പ്രവര്‍ത്തിക്കുന്നത്. നഴ്സിങ്, പാരാമെഡിക്കല്‍, ശുചീകരണ മേഖലകളില്‍ കഴിഞ്ഞ ബ്ളോക് പഞ്ചായത്ത് വഴിവിട്ട രീതിയില്‍ നിയമിച്ച താല്‍ക്കാലിക ജീവനക്കാരെ പുതിയ ഭരണസമിതി ഒഴിവാക്കിയെങ്കിലും പകരക്കാരെ നിയമിക്കാനാവാത്തത് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ആശുപത്രിയിലെ കെടുകാര്യസ്ഥതക്കെതിരെ ഇപ്പോള്‍ ദിവസവും വിവിധ സമരങ്ങള്‍ അരങ്ങേറുകയാണ്. ശൂരനാട് വടക്ക്, മൈനാഗപ്പള്ളി സാമൂഹികാരോഗ്യകേന്ദ്രങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. കഷ്ടിച്ച് സൗകര്യങ്ങളും കിടത്തിചികിത്സയും ശൂരനാട് വടക്ക് ഉണ്ടെന്നത് എടുത്തുപറയേണ്ടതാണ്. മൈനാഗപ്പള്ളിയിലാവട്ടെ, ഒന്നിനും ഒരു ഉത്തരവാദിത്തവും ഇല്ലാത്ത സ്ഥിതിയാണ്. പോരുവഴി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ആധുനികസൗകര്യങ്ങളുള്ള ലബോറട്ടറി ഒരു വര്‍ഷംമുമ്പ് ഉദ്ഘാടനം ചെയ്തെങ്കിലും ഇനിയും രോഗികള്‍ക്ക് അതിന്‍െറ പ്രയോജനം കിട്ടിയിട്ടില്ല. പോരുവഴി ഉള്‍പ്പെടെ നാല് പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ദിനേന കഷ്ടിച്ച് മൂന്നുമണിക്കൂര്‍ മാത്രമാണ് ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നത്. മരുന്ന് മുതല്‍ ജീവനക്കാരുടെ അഭാവം വരെയുള്ള അടിസ്ഥാനപ്രശ്നങ്ങള്‍ ഇവിടങ്ങളിലെല്ലാമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.