പകര്‍ച്ചപ്പനി; ചികിത്സാസൗകര്യങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് ജില്ലാ വികസനസമിതി

കൊല്ലം: ജില്ലയില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെ മഴക്കാല രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ചികിത്സാസൗകര്യങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് ജില്ലാ വികസനസമിതി. കിഴക്കന്‍ മേഖലയില്‍ കൂടുതല്‍ പേര്‍ക്ക് പനി ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാല്‍ അലോപ്പതി, ആയുര്‍വേദം, ഹോമിയോ വിഭാഗങ്ങള്‍ സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ ജൂണ്‍ 24 വരെ 428 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായും 1059 പേര്‍ക്ക് രോഗബാധയുള്ളതായി സംശയിക്കുന്നതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 33 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഏരൂര്‍, പിറവന്തൂര്‍ മേഖലകളിലാണ് ഡെങ്കി കൂടുതലുള്ളത്. റബര്‍ പ്ളാന്‍േറഷനുകളില്‍ കൊതുകുകള്‍ പെരുകുന്നതാണ് പ്രധാനകാരണം. രോഗബാധിതര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനും കൊതുകുകളുടെ ഉറവിടനശീകരണത്തിനും നടപടി സ്വീകരിച്ചതായി ഡി.എം.ഒ വ്യക്തമാക്കി. പനി ക്ളിനിക്കുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സേവനവും മരുന്നുകളുടെ ലഭ്യതയും ഉറപ്പാക്കണമെന്നും കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ നിര്‍ദേശിച്ചു. ചവറ, പന്മന മേഖലകളില്‍ ഡെങ്കിപ്പനി വ്യാപകമാണെന്ന് ചൂണ്ടിക്കാട്ടിയ എന്‍. വിജയന്‍പിള്ള എം.എല്‍.എ രോഗബാധിതര്‍ക്കെല്ലാം ചികിത്സ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ജില്ലയില്‍ കുടിവെള്ളവിതരണവുമായി ബന്ധപ്പെട്ട പൈപ്പുകളിടുന്നതും അറ്റുകുറ്റപ്പണി നടത്തുന്നതും ഉള്‍പ്പെടെ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മുല്ലക്കര രത്നാകരന്‍ എം.എല്‍.എ നിര്‍ദേശിച്ചു. വിവിധവകുപ്പുകളില്‍ നിലവിലുള്ള ഒഴിവുകള്‍ ജില്ലാ മേധാവികള്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇതിന്‍െറ വിശദാംശങ്ങള്‍ അടുത്ത ജില്ലാ വികസനസമിതി യോഗത്തില്‍ സമര്‍പ്പിക്കണമെന്ന് എം. നൗഷാദ് എം.എല്‍.എ ആവശ്യപ്പെട്ടു. ആലപ്പാട് പഞ്ചായത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ നിര്‍ദേശിച്ചു. ജില്ലയില്‍ വില്‍പന നടത്തുന്ന പഴവര്‍ഗങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാകുന്നവയല്ളെന്ന് ഉറപ്പുവരുത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ശ്രദ്ധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജഗദമ്മ നിര്‍ദേശിച്ചു. കലക്ടര്‍ എ. ഷൈനാമോള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം. ശിവശങ്കരപ്പിള്ള, മന്ത്രി കെ. രാജുവിന്‍െറ പ്രതിനിധി വിനോദ് കുമാര്‍, കെ.സി. വേണുഗോപാല്‍ എം.പിയുടെ പ്രതിനിധി തൊടിയൂര്‍ രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ വി.എസ്. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.