പോരുവഴിയിലെ പ്രകൃതിക്ഷോഭ ദുരിതബാധിതര്‍ പെരുവഴിയില്‍

ശാസ്താംകോട്ട: എല്ലാവരാലും വഞ്ചിക്കപ്പെട്ട് പോരുവഴിയിലെ പ്രകൃതിക്ഷോഭ ദുരിതബാധിതര്‍. പോരുവഴി പള്ളിമുറി മേഖലയിലെ എട്ട് വീട് പൂര്‍ണമായും 52 എണ്ണം ഭാഗികമായും ചുഴലിക്കാറ്റ് തകര്‍ത്തിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ളെന്ന് ആക്ഷേപം. വീടിനുമുകളില്‍ വീണുകിടക്കുന്ന മരം മുറിച്ചുമാറ്റാനുള്ള പണംപോലും കൈയിലില്ലാതെ പട്ടിണിയും അനിശ്ചിതത്ത്വവുമായി വലയുകയാണിവര്‍. കഴിഞ്ഞ 10നാണ് ചുഴലിക്കാറ്റ് 60 കുടുംബങ്ങളുടെ സ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞത്. നൂറുകണക്കിന് ഹെക്ടര്‍ സ്ഥലത്തെ കൃഷിയും നശിപ്പിക്കപ്പെട്ടു. കടപുഴകിയ കൂറ്റന്‍ മരങ്ങള്‍ വീണാണ് കൂടുതല്‍ വീടുകളും തകര്‍ന്നത്. പലരും കഷ്ടിച്ചാണ് അപകടങ്ങളില്‍നിന്ന് രക്ഷപ്പെട്ടത്. എല്ലാം നഷ്ടമായ ഇവര്‍ക്കുവേണ്ടി ദുരിതാശ്വാസ ക്യാമ്പ് തുടങ്ങാന്‍പോലും അധികൃതര്‍ക്കായിട്ടില്ല. ഇവിടത്തെ കുട്ടികള്‍ ഇപ്പോള്‍ പഠിക്കാന്‍ പോകുന്നില്ല. ഇതിനകം ദുരന്തബാധിതരെ സന്ദര്‍ശിച്ചവരില്‍ പ്രമുഖര്‍ നിരവധിയുണ്ട്. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ. രാജു, ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവര്‍ സന്ദര്‍ശനശേഷം ഇവരോട് പ്രഖ്യാപിച്ച പ്രത്യേക പാക്കേജ്, പുതിയ ഭവനങ്ങള്‍ക്കുള്ള രണ്ടുലക്ഷം രൂപയുടെ ധനസഹായം എന്നിവയൊന്നും നടപ്പായിട്ടില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍, ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, കെ. സോമപ്രസാദ് എം.പി, കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ, കലക്ടര്‍ എ. ഷൈനാമോള്‍ എന്നിങ്ങനെ ആ നിര നീളുന്നു. ദുരന്തത്തിനിരയായ പള്ളിമുറി ഗ്രാമം കേന്ദ്രസര്‍ക്കാറിനെക്കൊണ്ട് ഏറ്റെടുപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയാണ് ബി.ജെ.പി നേതാക്കള്‍ മടങ്ങിയത്. ഭരണ-പ്രതിപക്ഷ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ഉറപ്പുകളെല്ലാം പാഴായതിനാല്‍ ഇനി എന്തെന്നറിയാതെ ആശങ്കയുടെ രാപ്പകലുകള്‍ തള്ളിനീക്കുകയാണ് ഈ കുടുംബങ്ങള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.