കുന്നുകൂടുന്ന മാലിന്യം; തകര്‍ന്നുകിടക്കുന്ന സംരക്ഷണഭിത്തികള്‍

കാവനാട്: ദേശീയപാതയില്‍ കലുങ്കിന്‍െറ ഇരുഭാഗത്തെയും സംരക്ഷണഭിത്തികള്‍ തകര്‍ന്നുകിടക്കുന്ന ഭാഗത്ത് മാലിന്യങ്ങള്‍കൂടിക്കിടക്കുന്നത് കാല്‍നടയാത്രക്കാര്‍ക്ക് അപകടഭീഷണിയാകുന്നു. മാലിന്യത്തില്‍ ചവിട്ടാതെയും മറ്റും മാറിപ്പോകുന്നതിനാല്‍ റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങള്‍ തട്ടി പലര്‍ക്കും അപകടങ്ങള്‍ പതിവായിരിക്കുകയാണ്. ശക്തികുളങ്ങര മരിയാലയം ജങ്ഷനുസമീപത്തെ കലുങ്കിന്‍െറ രണ്ടുവശത്തെയും സംരക്ഷണഭിത്തികളാണ് തകര്‍ന്നുകിടക്കുന്നത്. ഇതിനോടു ചേര്‍ന്ന് മാലിന്യം നിക്ഷേപിക്കുന്നതാണ് വഴിയാത്രക്കാര്‍ക്ക് ദുരിതമാകുന്നത്. മാലിന്യം ഭക്ഷിക്കാനത്തെുന്ന തെരുവുനായ്ക്കളെ പേടിച്ച് കുട്ടികളും മറ്റും റോഡിലേക്കിറങ്ങിനടക്കുമ്പോഴാണ് വാഹനങ്ങള്‍ തട്ടി നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നത്. അടുത്ത ദിവസങ്ങളിലും ഇത്തരത്തില്‍ സംഭവങ്ങളുണ്ടായതായി നാട്ടുകാര്‍ പറയുന്നു. കലുങ്കിന്‍െറ സംരക്ഷണഭിത്തിയിലെ കമ്പികള്‍ പലതും ദ്രവിച്ച് പുറത്തേക്ക് തള്ളിനില്‍ക്കുന്ന അവസ്ഥയുമാണ്. കമ്പികള്‍ ദേഹത്തും വസ്ത്രങ്ങളിലും ഉടക്കി യാത്രക്കാര്‍ വഴിയില്‍ കുടുങ്ങുന്ന അവസ്ഥയാണ് പലപ്പോഴും. കൈവരി തകര്‍ന്നുകിടക്കുന്നതിനാല്‍ ഇതുവഴി മാലിന്യം നിറഞ്ഞുകിടക്കുന്ന തോട്ടിലേക്ക് വീഴാനും സാധ്യതയേറെയാണ്. ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഈ ഭാഗത്ത് സന്ധ്യകഴിഞ്ഞാല്‍ തെരുവുവിളക്കുകള്‍ കത്താത്തതിനാല്‍ പ്രദേശം ഇരുട്ടിലാണ്. ഹോട്ടലുകളില്‍നിന്നും കോഴിഫാമുകളില്‍നിന്നുമുള്ള വേസ്റ്റുകളും ഈ കലുങ്കിന്‍െറ വശങ്ങളിലാണ് കൊണ്ടുവന്ന് തള്ളുന്നത്. സംരക്ഷണഭിത്തി തകര്‍ന്നുകിടക്കുന്നതിനാല്‍ കലുങ്കിനുമുകളില്‍നിന്ന് ചാക്കുകെട്ടുകളിലാക്കിയ മാലിന്യങ്ങള്‍ നേരെ താഴെയുള്ള കനാലിലേക്ക് തള്ളുന്നതും പതിവുകാഴ്ചയാണ്. സന്ധ്യമയങ്ങുന്നതോടെ ഈ കലുങ്കിനുമുകളില്‍ തെരുവുനായ്ക്കകളുടെ വിഹാരം കൂടിയാകുമ്പോള്‍ വഴിയാത്രികരും ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. കലുങ്കിനുസമീപത്തെ കുറ്റിക്കാടുകള്‍ വെട്ടിത്തെളിച്ചെങ്കിലും മാലിന്യനിക്ഷേപത്തിന് ഒരു കുറവുമില്ല. മാസങ്ങളായി കുന്നുകൂടിക്കിടക്കുന്ന മാലിന്യം മഴ കൂടിയായതോടെ കുതിര്‍ന്ന് ദുര്‍ഗന്ധവും വമിച്ചുതുടങ്ങിയിരിക്കുകയാണ്. മാലിന്യം ഭക്ഷിച്ചശേഷം തെരുവുനായ്ക്കള്‍ ഒറ്റക്കും കൂട്ടത്തോടെയും റോഡിലേക്ക് ചാടുന്നതിനാല്‍ പല ഇരുചക്രവാഹനങ്ങളും നിയന്ത്രണംതെറ്റി അപകടത്തില്‍പെടാറുണ്ട്. ദേശീയപാതയിലെ ഏറെ തിരക്കുള്ള ഈ ഭാഗത്ത് കലുങ്കിന്‍െറ സംരക്ഷണഭിത്തി കെട്ടി ബലപ്പെടുത്തുകയും തെരുവുവിളക്കുകള്‍ സ്ഥാപിക്കുകയും മാലിന്യനിക്ഷേപത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും വേണമെന്ന ആവശ്യമാണ് യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കുമുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.