നിര്‍മാണം പൂര്‍ത്തിയായതിന് പിന്നാലെ തടയണകള്‍ തകര്‍ന്നുതുടങ്ങി

പത്തനാപുരം: സംസ്ഥാന സര്‍ക്കാറിന്‍െറ മേല്‍നോട്ടത്തില്‍ വനത്തിനുള്ളിലെ ജലാശയങ്ങള്‍ക്ക് കുറുകെ നിര്‍മിച്ച തടയണകള്‍ തകര്‍ന്നുതുടങ്ങി. നിര്‍മാണം പൂര്‍ത്തിയായതിനു പിന്നാലെ തടയണകള്‍ തകര്‍ന്നുതുടങ്ങിയത് പ്രദേശവാസികളില്‍ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. ഓലപ്പാറ കോട്ടക്കയം തോടിനുകുറുകെ നിര്‍മിച്ച മൂന്നാമത്തെ തടയണയാണ് തകര്‍ന്നത്. ലക്ഷങ്ങള്‍ മുതല്‍മുടക്കി സംസ്ഥാനവനം വകുപ്പാണ് അഞ്ച് തടയണകള്‍ നിര്‍മിച്ചത്. അച്ചന്‍കോവിലില്‍നിന്ന് ആരംഭിക്കുന്ന തോട് പുനലൂര്‍ മുക്കടവ് ആറ്റിലാണ് പതിക്കുന്നത്. ജലസമൃദ്ധമായ തോട്ടിലെ ജലം തടയണ കെട്ടി സംഭരിച്ച് വന്യമൃഗങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനും മണ്ണില്‍ ആഴ്ന്നിറങ്ങി സമീപത്തെ വൃക്ഷങ്ങള്‍ക്കും മറ്റ് സസ്യങ്ങള്‍ക്കും ഉപയോഗപ്രദമാക്കാനുമാണ് പദ്ധതി നടപ്പാക്കിയത്. കെ.ബി. ഗണേഷ്കുമാര്‍ വനംമന്ത്രിയായിരുന്ന കാലത്താണ് തടയണ പദ്ധതി നടപ്പാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് കോട്ടക്കയം തോട്ടില്‍ അഞ്ച് തടയണകള്‍ നിര്‍മിച്ചതും. എന്നാല്‍ വേനല്‍മഴയിലുണ്ടായ ശക്തമായ നീരൊഴുക്ക് കാരണം അണയുടെ അടിഭാഗത്തെ കല്ലുകളും കോണ്‍ക്രീറ്റും പൂര്‍ണമായും തകര്‍ന്നു. ഇതിനാല്‍ ജലമിപ്പോള്‍ തടയണയുടെ അടിയിലൂടെ ഒഴുകിപ്പോവുകയാണ്. അണയുടെ വശങ്ങളില്‍ വിള്ളലുകളും ഉണ്ടായിട്ടുണ്ട്. നിര്‍മാണത്തിലെ അപാകതയാണ് തടയണയുടെ തകര്‍ച്ചക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍നടപടികളോ നിര്‍മാണവേളയില്‍ സന്ദര്‍ശനങ്ങളോ നടത്താതെ പൂര്‍ണമായും കരാറുകാരെ പണി ഏല്‍പിക്കുകയായിരുന്നു. മഴ ശക്തമാകുന്ന സമയമായതിനാല്‍ മറ്റ് തടയണകളും അപകടത്തിലാണെന്ന് നാട്ടുകാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.