മൈനിങ് തൊഴിലാളി സമരം ഒത്തുതീര്‍ന്നു

ചവറ: കെ.എം.എം.എല്‍ എം.എസ് യൂനിറ്റിലെ മൈനിങ് തൊഴിലാളി സമരം ചര്‍ച്ചയിലൂടെ ഒത്തുതീര്‍ന്നു. പൊന്മന സെക്കന്‍ഡ് മൈനിങ് സൈറ്റിലെ 168 തൊഴിലാളികള്‍ക്ക് മേയ് മാസത്തെ ശമ്പളം, കരാര്‍ പ്രകാരമുള്ള ജോലി പൂര്‍ത്തിയായിട്ടും നല്‍കാത്തതിനെ തുടര്‍ന്നാണ് സമരം നടത്തിയത്. കരാറുകാരന്‍ മുന്നറിയിപ്പില്ലാതെ ജോലി നിര്‍ത്തിവെച്ചതോടെ സംയുക്ത തൊഴിലാളികള്‍ വായ മൂടിക്കെട്ടി കമ്പനി ഗേറ്റ് ഉപരോധിച്ചിരുന്നു. ശനിയാഴ്ച കെ.എം.എം.എല്‍ ഗെസ്റ്റ്് ഹൗസില്‍ എന്‍. വിജയന്‍ പിള്ള എം.എല്‍.എയുടെ സാന്നിധ്യത്തില്‍ കെ.എം.എം.എല്‍ എം.ഡി ഫെബി വര്‍ഗീസും എം.എസ് പ്രതിനിധി വേണുഗോപാലും ട്രേഡ് യൂനിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. അടുത്ത വെള്ളിയാഴ്ച മുഴുവന്‍ തൊഴിലാളികള്‍ക്കും കുടിശ്ശിക ശമ്പളം നല്‍കാമെന്ന് ചര്‍ച്ചയില്‍ തീരുമാനമായി. മൈനിങ് മേഖലയിലെ തൊഴില്‍ പുനരാരംഭിക്കുന്നതിന് വ്യവസായ മന്ത്രിയുടെ സാന്നിധ്യത്തില്‍ ഉന്നതതല യോഗം വിളിക്കാനും ധാരണയായി. എ.ഐ.ടി.യു.സി യൂനിയന്‍ പ്രസിഡന്‍റ് ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ, വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളായ അഡ്വ. യൂസുഫ് കുഞ്ഞ്, സന്തോഷ് തുപ്പാശ്ശേരി, സി.പി. സുധീഷ്, എ.കെ. ഗണേശന്‍, കബീര്‍, ജയചന്ദ്രന്‍, സന്തോഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.