സാംനഗര്‍ പട്ടയ പ്രശ്നം: നടപടി ത്വരിതപ്പെടുത്താന്‍ തീരുമാനം

കുളത്തൂപ്പുഴ: മൂന്നു പതിറ്റാണ്ടായി കൈവശഭൂമിക്ക് പട്ടയം തേടി അലയുന്ന സാംനഗര്‍ നിവാസികളുടെ പ്രശ്നം പരിഹരിക്കാന്‍ നടപടി വേഗത്തിലാക്കും. സ്ഥലം എം.എല്‍.എയും മന്ത്രിയുമായ കെ. രാജു, റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുമായും ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളുമായും വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടത്തിയ ഉന്നതതല ചര്‍ച്ചയിലാണ് തീരുമാനം. റവന്യൂഭൂമി വനം വകുപ്പിന് കൈമാറുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. സാംനഗര്‍ നിവാസികള്‍ക്ക് പട്ടയവിതരണത്തിനുള്ള പ്രവര്‍ത്തനവും വൈകാതെ ആരംഭിക്കും. 1985ല്‍ തെന്മല ഡാമിന്‍െറ വൃഷ്ടിപ്രദേശത്ത് നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട് സാംനഗറില്‍ പുനരധിവസിപ്പിക്കപ്പെട്ട 390 കുടുംബങ്ങളാണ് 30 വര്‍ഷമായി കൈവശഭൂമിക്ക് ഉടമസ്ഥാവകാശത്തിനായി കാത്തിരിക്കുന്നത്. കല്ലട ജലസേചന പദ്ധതിയുടെ നടത്തിപ്പിനായി പദ്ധതി പ്രദേശത്ത് ഉള്‍പ്പെട്ട മാംമൂട്, കളംകുന്ന്, കുറവന്‍കോണം, മാധവന്‍കോണം, നെടുവന്നൂര്‍ കടവ്, ഈറ്റപ്പടപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ കര്‍ഷക കുടുംബങ്ങളെയാണ് കുടിയൊഴിപ്പിച്ച് സാംനഗറില്‍ പുനരധിവസിപ്പിച്ചത്. വനത്തിനുള്ളില്‍ ഏക്കര്‍ കണക്കിന് കൃഷിഭൂമിയും കൃഷിയുമായി കഴിഞ്ഞിരുന്ന കര്‍ഷകരെ സാംനഗറില്‍ പുനരധിവസിപ്പിക്കുമ്പോള്‍ വൈദ്യുതി, സൗജന്യമായി കുടിവെള്ള സൗകര്യം, ഭൂമിക്ക് പട്ടയം തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ അധികൃതര്‍ നല്‍കിയിരുന്നു. എന്നാല്‍, 1985ല്‍ പുനരധിവാസം പൂര്‍ത്തീകരിച്ച സര്‍ക്കാര്‍ ഒരേക്കര്‍ മുതല്‍ 12 സെന്‍റ് വരെ ഭൂമി വരെയാണ് ഓരോ കുടുംബത്തിനും അനുവദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.