കുരീപ്പുഴ പ്ളാന്‍റ് : പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ളെന്ന് സമര സമിതി

കൊല്ലം: കുരീപ്പുഴയിലെ മാലിന്യസംസ്കരണ പ്ളാന്‍റ് പ്രവര്‍ത്തിപ്പിക്കാനുള്ള കോര്‍പറേഷന്‍ നീക്കത്തിനെതിരെ എതിര്‍പ്പുമായി പ്രദേശ വാസികള്‍. പ്ളാന്‍റ് പ്രവര്‍ത്തിപ്പിക്കുമെന്ന് പറയുന്ന മേയര്‍ കോടതിയെയും കുരീപ്പുഴ നിവാസികളെയും വെല്ലുവിളിക്കുകയാണെന്ന് കുരീപ്പുഴ മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സമിതി ആരോപിച്ചു. സമരപരിപാടികളെക്കുറിച്ച് ആലോചിക്കാന്‍ തിങ്കളാഴ്ച വൈകീട്ട് ആറിന് മാമൂട്ടില്‍കടവ് എന്‍.എസ്.എസ് കരയോഗമന്ദിരത്തില്‍ യോഗം ചേരും. നഗരത്തില്‍ മാലിന്യപ്രശ്നം രൂക്ഷമായ പശ്ചാത്തലത്തിലാണ് കുരീപ്പുഴയിലെ പ്ളാന്‍റ് പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യം വ്യാഴാഴ്ച ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്നത്. വികേന്ദ്രീകൃത പ്ളാന്‍റുകള്‍ കൂടുതലായി സ്ഥാപിക്കുന്നതോടൊപ്പം കോര്‍പറേഷന്‍െറ നിയന്ത്രണത്തിലുള്ള കുരീപ്പുഴയിലെ പ്ളാന്‍റും ഉപയോഗിക്കണമെന്ന നിര്‍ദേശവും കൗണ്‍സിലില്‍ ഉണ്ടായി. തുടര്‍ന്ന് കുരീപ്പുഴയുടെ കാര്യത്തില്‍ പിന്നോട്ടില്ളെന്ന് മേയര്‍ കൗണ്‍സിലിനെ അറിയിക്കുകയായിരുന്നു. ഇതാണ് കുരീപ്പുഴ നിവാസികളുടെ പ്രതിഷേധത്തിന് കാരണമായിട്ടുള്ളത്.കുരീപ്പുഴയുമായി ബന്ധപ്പെട്ട കേസ് ഹരിത ട്രൈബ്യൂണലിന്‍െറ പരിഗണനയിലാണ്. ട്രൈബ്യൂണല്‍ വിധി എന്തായാലും പ്ളാന്‍റ് പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോവുമെന്ന അഭിഭാഷകന്‍ കൂടിയായ മേയറുടെ പ്രസ്താവന നിയമസംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് കുരീപ്പുഴ മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സമിതി പ്രസിഡന്‍റ് എന്‍. സത്യപാലന്‍, സെക്രട്ടറി മണലില്‍ കെ. സന്തോഷ് എന്നിവര്‍ പ്രസ്താവനയില്‍ ആരോപിച്ചു. കോര്‍പറേഷന്‍ നിലപാടിനെതിരെ പ്രക്ഷോഭം ഉയര്‍ന്നുവരുമെന്നും അവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.