ഓയൂര്‍: കാലവര്‍ഷക്കെടുതിയില്‍ മേഖലയില്‍ കോടികളുടെ നഷ്ടം. പൂയപ്പള്ളി, വെളിയം, കരീപ്ര, വെളിനല്ലൂര്‍, കുളത്തൂപ്പുഴ, പുനലൂര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൃഷിനാശം രേഖപ്പെടുത്തിയത്. വെളിയത്ത് എട്ട് ഹെക്ടര്‍ വാഴയും 45 ഹെക്ടര്‍ പച്ചക്കറിയും അഞ്ച് ഹെക്ടര്‍ മരച്ചീനിയും നശിച്ചു. കട്ടയില്‍, ചെറുകരക്കോണം, വട്ടമണ്‍ത്തറ, അമ്പലത്തുംകാല, സൊസൈറ്റിമുക്ക്, കളപ്പില, ചെന്നാപ്പാറ, ചെപ്ര എന്നിവിടങ്ങളിലാണ് കൃഷിനാശമുണ്ടായത്. കരീപ്രയില്‍ ഹെക്ടര്‍ കണക്കിന് പച്ചക്കറി, വാഴ, നെല്‍കൃഷികള്‍ നശിച്ചിട്ടുണ്ട്. ചുങ്കത്തറ, വിലയന്തൂര്‍, നെല്ലിക്കുന്നം, ഓടനാവട്ടംകട്ടയില്‍, ചൂല, യക്ഷിക്കുഴി, അറവലക്കുഴി എന്നീ തോടുകള്‍ നിറഞ്ഞുകവിഞ്ഞ് നിരവധി വിളകള്‍ ഇല്ലാതായി. റബര്‍ മരങ്ങളും വാഴയുമാണ് കൂടുതലും നശിച്ചത്. തേക്ക്, മാവ്, പ്ളാവ്, തെങ്ങ് എന്നീ വൃക്ഷങ്ങളും കടപുഴകി. വെള്ളം കയറിയ കൃഷിയിടങ്ങള്‍ അടര്‍ന്നുമാറി തോട്ടിലേക്ക് ഇടിഞ്ഞുവീഴാറായ അവസ്ഥയിലാണ്. കൃഷി അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടം രേഖപ്പെടുത്തി. ജില്ലയില്‍ ആറു കോടി 15 ലക്ഷം രൂപയുടെ കൃഷിനാശമാണ് കൃഷി അധികൃതര്‍ കണക്കാക്കിയിട്ടുള്ളത്. കൂടുതല്‍ നഷ്ടം കിഴക്കന്‍ മേഖലയിലാണ്. കുലച്ച വാഴകള്‍ 26.78 ഹെക്ടറില്‍ 66956ഉം കുലക്കാത്തവ 38898ഉം നശിച്ചു. റബര്‍മരങ്ങള്‍ 41 ഹെക്ടറില്‍ 16,718 ഒടിഞ്ഞും കടപുഴകിയും നശിച്ചു. 34.67 ഹെക്ടറിലെ പച്ചക്കറി കൃഷി ഇല്ലാതായി. പ്രകൃതിക്ഷോഭത്തില്‍ ലഭിക്കേണ്ട ആനുകൂല്യം ലഭിച്ചില്ളെങ്കില്‍ വന്‍ പ്രതിസന്ധിയിലാകുമെന്ന ഭയപ്പാടിലാണ് കര്‍ഷകര്‍. ആനുകൂല്യങ്ങള്‍ കിട്ടിയതിനുശേഷമേ കൃഷി ആരംഭിക്കുകയുള്ളൂവെന്ന നിലപാടിലാണ് മിക്ക കര്‍ഷകരും. പുതിയ സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്നങ്ങളില്‍ ഇടപെടണമെന്ന് പാടശേഖരസമിതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.