കരുനാഗപ്പള്ളി നഗരത്തില്‍ ഡ്രെയിനേജുകള്‍ക്ക് 30 കോടി

കരുനാഗപ്പള്ളി: നഗരസഭാ പ്രദേശത്തെ ഡ്രെയിനേജുകളുടെ നിര്‍മാണത്തിനും അവയെ തഴത്തോടുകളുമായി സംയോജിപ്പിച്ചുമുള്ള വിശദമായ പദ്ധതിക്ക് കേരള സസ്റ്റയിനബ്ള്‍ അര്‍ബന്‍ ഡെവപ്മെന്‍റ് പ്രോജക്ടിന്‍െറ (കെ.എസ്.യു.ഡി.പി) ടെക്നിക്കല്‍ സമിതിയുടെ പ്രാഥമിക അംഗീകാരം ലഭിച്ചതായി നഗരസഭാ സെക്രട്ടറി എം. മുഹമ്മദ് ഹുവൈസ് അറിയിച്ചു. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ഈമാസം 30ഓടെ സമര്‍പ്പിക്കും. 30 കോടി അടങ്കല്‍ വരുന്ന പദ്ധതിയാണിത്. ഈ പദ്ധതി നടപ്പായാല്‍ നഗരപ്രദേശത്തെ താഴ്ന്ന ഭാഗങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരമാകും. മഴക്കാലപൂര്‍വ ശുചീകരണ പദ്ധതികള്‍ വിജയകരമായി നടപ്പാക്കി കരുനാഗപ്പള്ളി നഗരസഭ രണ്ടാംഘട്ട തയാറെടുപ്പുകള്‍ ആരംഭിച്ചതായും സെക്രട്ടറി അറിയിച്ചു. മഴക്കാല ശുചീകരണത്തിന്‍െറ രണ്ടാംഘട്ട ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ എം. ശോഭന നിര്‍വഹിക്കും. ജനപങ്കാളിത്തത്തോടെയുള്ള മാലിന്യ സംസ്കരണ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് നഗരസഭ വിഭാവനം ചെയ്തിട്ടുള്ളത്. അതിന്‍െറ ഭാഗമായി നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ എയ്റോബിക് യൂനിറ്റുകള്‍ സ്ഥാപിക്കുന്നതിന് നഗരസഭ നടപടികള്‍ സ്വീകരിച്ചതായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്ളാസ്റ്റിക്, ഉപയോഗശൂന്യമായ സി.എഫ്.എല്‍ ബള്‍ബുകള്‍ ഉള്‍പ്പെടെയുള്ള ഇ- മാലിന്യം വില നല്‍കി ശേഖരിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചുവരുന്നു. നഗരസഭാ ആരോഗ്യ വിഭാഗത്തിന്‍െറ നൈറ്റ് സ്ക്വാഡ് കൂടുതല്‍ ഊര്‍ജിതമാക്കി മാലിന്യം പൊതുനിരത്തുകളില്‍ നിക്ഷേപിച്ചവര്‍ക്ക് ഏപ്രില്‍ -മേയ് മാസങ്ങളില്‍ മാത്രം 25000 രൂപയോളം പിഴ ഈടാക്കിയിട്ടുണ്ട്. നഗരസഭാ പൊതുസ്ഥലങ്ങളില്‍ പ്ളാസ്റ്റിക്, റബര്‍ മാലിന്യം കത്തിക്കുന്നത് നിരോധിച്ച ഹൈകോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ ജാഗ്രത പാലിക്കും. ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.