കൊല്ലം: വനത്തിനുള്ളില്‍ ഒറ്റപ്പെട്ട റോസ്മലയില്‍ പ്രതീക്ഷയുടെ പുതുനാമ്പുകള്‍. സ്ഥലം എം.എല്‍.എ കൂടിയായ അഡ്വ. കെ. രാജു വനം മന്ത്രിയായതോടെ പട്ടയം, ഗതാഗതം, വൈദ്യുതി തുടങ്ങിയ തങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങള്‍ക്ക് അടിയന്തരപരിഹാരമുണ്ടാകുമെന്ന വിശ്വാസത്തിലാണ് കര്‍ഷകര്‍ കൂടിയായ നാട്ടുകാര്‍. കുളത്തൂപ്പുഴ വില്ളേജില്‍നിന്ന് ആര്യങ്കാവിലേക്ക് റോസ്മലയെ മാറ്റുമെന്ന് 2014ല്‍ അന്നത്തെ റവന്യൂമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പ് ഇനിയെങ്കിലും പാലിക്കപ്പെടുമെന്നും അവര്‍ കരുതുന്നു. ആര്യങ്കാവില്‍നിന്ന് 12 കിലോമീറ്റര്‍ അകലെയാണെങ്കിലും ഒരുഭാഗം തെന്മല പരപ്പാര്‍ ഡാമിന്‍റ വൃഷ്ടിപ്രദേശവും മറ്റു മൂന്ന് ഭാഗങ്ങള്‍ വനവും അതിര്‍ത്തി തിരിക്കുന്നതോടെ റോസ്മല വനത്തിനുള്ളിലെ തുരുത്തായി മാറി. റോഡ് കടന്നുപോകുന്ന കാട്ടിലൂടെ വേണം വൈദ്യുതി ലൈന്‍ വലിക്കാന്‍. ബ്രിട്ടീഷ് ഭരണകാലത്ത് തേയിലത്തോട്ടമായിരുന്നു ഇവിടം. തുടര്‍ന്ന് പുനലൂര്‍ എം.എം.കെ മുതലാളിയുടെ ഉടമസ്ഥതയിലായി.1976-77 കാലത്ത് അദ്ദേഹം വിട്ടുകൊടുത്തതോടെ മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്ത് ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയായിരുന്നു. ഭൂരഹിതര്‍ക്കായി 619 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റടെുത്തിരുന്നത്. എന്നാല്‍, ഒരേക്കര്‍വീതം 472പേര്‍ക്ക് മാത്രമാണ് വിതരണം ചെയ്തത്. മിച്ചഭൂമി വിതരണം ചെയ്തപ്പോള്‍ പട്ടയം നല്‍കുന്നതിനുപകരം ഒരു അസൈന്‍മെന്‍റ് ഉത്തരവ് മാത്രമാണ് സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കിയത്. ഇതിനാല്‍ അന്ന് തുടങ്ങിയ പട്ടയപ്രശ്നം മാറ്റമില്ലാതെ തുടരുകയാണ്. സ്വന്തം പേരില്‍ കരം അടക്കുന്ന ഭൂമിയില്ലാത്തതിനാല്‍ ബാങ്കുകളില്‍നിന്നടക്കം വായ്പ ലഭിക്കില്ല. യാത്രാസൗകര്യങ്ങളോ ആശുപത്രി, സ്കൂള്‍ തുടങ്ങിയ പ്രാഥമികഘടകങ്ങളോ ഒന്നുമില്ല. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ 12 കിലോമീറ്റര്‍ അകലെയുള്ള ആര്യങ്കാവ് സ്കൂളിലേക്ക് കാല്‍നടയായി വേണം പോകാന്‍. രാവിലെ ഏഴിന് പുനലൂരില്‍നിന്ന് എത്തുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് റോസ്മലയെ പുറംലോകവുമായി ബന്ധിപ്പിക്കുന്നത്. ആര്യങ്കാവില്‍നിന്ന് വിളക്കുമരച്ചോടുവരെ ഭൂഗര്‍ഭ വൈദ്യുതിലൈന്‍ വലിക്കാന്‍ വനംവകുപ്പ് അനുമതി നല്‍കിയിട്ട് നാളുകളായി. വെളിച്ചത്തിന് സൗരോര്‍ജ റാന്തലുകളാണ് ഏക ആശ്രയം. അഞ്ചാം ക്ളാസ് കഴിഞ്ഞ കുട്ടികളെ ഹോസ്റ്റലില്‍ നിര്‍ത്തിയാണ് പഠിപ്പിക്കുന്നത്. എന്നാല്‍, ഇത്തവണ ഹോസ്റ്റലില്‍ അയച്ച കുറച്ച് കുട്ടികള്‍ മാതാപിതാക്കള്‍ ഒപ്പം വേണമെന്ന വാശിയില്‍ മടങ്ങിവന്നതായി ഗ്രാമപഞ്ചായത്തംഗം വരദ പ്രസന്ന പറഞ്ഞു. പതിറ്റാണ്ടുകള്‍ക്കുശേഷമാണ് റോസ്മലയുടെ കൂടി എം.എല്‍.എ മന്ത്രിയാകുന്നത്. അതിനാല്‍ ശുഭപ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.