തെരുവുവിളക്കുകളെല്ലാം എല്‍.ഇ.ഡിയാക്കുമെന്ന് മേയര്‍

കൊല്ലം: കോര്‍പറേഷന്‍ പ്രദേശത്തെ മുഴുവന്‍ തെരുവുവിളക്കുകളും എല്‍.ഇ.ഡിയാക്കാന്‍ ആലോചിക്കുന്നതായി മേയര്‍ വി. രാജേന്ദ്രബാബു. കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഹൈമാസ്റ്റ് ലൈറ്റ് ഉള്‍പ്പെടെ എല്‍.ഇ.ഡിയിലേക്ക് മാറ്റിയാല്‍ വൈദ്യുതി ചാര്‍ജില്‍ വന്‍തുക ലാഭിക്കാനാവും. രണ്ട് മാസത്തിനകം മീറ്റര്‍ സമ്പ്രദായം ഏര്‍പ്പെടുത്താമെന്ന് കെ.എസ്.ഇ.ബിയുമായി ധാരണയായിട്ടുണ്ട്. നഗരത്തില്‍ 1000 എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഹൈമാസ്റ്റ് ലൈറ്റിന്‍െറ അറ്റകുറ്റപ്പണിക്ക് ഭീമമായ തുക ചെലാവാകുന്നു. എല്‍.ഇ.ഡി ലൈറ്റാക്കിയാല്‍ അറ്റകുറ്റപ്പണി ഉള്‍പ്പെടെ ലാഭത്തിലാവും. അഞ്ചുവര്‍ഷത്തെ ഗാരന്‍റിയോടെയാണ് എല്‍.ഇ.ഡി ലൈറ്റ് സ്ഥാപിക്കുക. തെരുവുവിളക്കുകളുടെ പരിപാലനത്തിന് നിലവിലുള്ള കരാറുകാരെ ഒഴിവാക്കാന്‍ തടസ്സമില്ല. പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അവര്‍ ഒരു മാസം കൂടി ചോദിച്ചിട്ടുണ്ട്. അവരെ സംരക്ഷിക്കേണ്ട ചുമതല കോര്‍പറേഷനില്ളെന്നും മേയര്‍ പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഫയര്‍ ആന്‍ഡ് റസ്ക്യു ഫോഴ്സിനെ കൊണ്ട് പ്രയോജനമില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞദിവസം ഓടയില്‍ വീണ് യുവാവ് ഒഴുകിപ്പോയപ്പോഴും താഴ്ന്നപ്രദേശങ്ങളില്‍ വെള്ളക്കെട്ടായപ്പോഴും അവിടെ എത്തിയ സേനക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. വേണ്ട സജ്ജീകരണങ്ങളില്ളെന്നാണ് മറുപടി. മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തൊഴിലാളികളുടെ കുറവ് ബാധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി. മാലിന്യനിര്‍മാര്‍ജനത്തിന് ജനകീയ പങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കണം. മാലിന്യനിര്‍മാര്‍ജനത്തിനായി എയ്റോബിക് ട്രീറ്റ്മെന്‍റ് സ്ഥാപിച്ചെങ്കിലും ആരും മാലിന്യം കൊണ്ടുവരുന്നില്ല. ബോധവത്കരണത്തിലൂടെ ഇതിന് മാറ്റം വരുത്തുമെന്നും മേയര്‍ പറഞ്ഞു. കൗണ്‍സിലിന്‍െറ തുടക്കത്തില്‍ പ്രതിപക്ഷത്ത് നിന്നുള്ള അംഗങ്ങളാണ് തെരുവുവിളക്ക് കത്താത്ത വിഷയം ചര്‍ച്ചയാക്കിയത്. നഗരം ഇപ്പോഴും ഇരുട്ടിലാണെന്നും വെളിച്ചത്തിന് ശ്വാശ്വതപരിഹാരം കാണാന്‍ കഴിഞ്ഞില്ളെന്നും ആര്‍.എസ്.പി അംഗം എം.എസ്. ഗോപകുമാര്‍ പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി കൊല്ലം നഗരം വളരണമെന്ന് യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് എ. കെ. ഹഫീസ് പറഞ്ഞു. മഴക്കാല ജോലികള്‍ ചെയ്യാന്‍ പരിമിതമായ തൊഴിലാളികളാണുള്ളതെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ എസ്. ജയന്‍ പറഞ്ഞു. ഒമ്പത് പുതിയ പദ്ധതികള്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷന്‍ എം. എ. സത്താര്‍ പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, സ്ഥിരം സമിതി അധ്യക്ഷ ചിന്ത എല്‍. സജിത്, അംഗങ്ങളായ കോകില എസ്. കുമാര്‍, പ്രശാന്ത്, വിനിത വിന്‍സന്‍റ്, സലീന, ടി. ലൈലകുമാരി, ഉദയ സുകുമാരന്‍, എന്‍. സഹൃദയന്‍, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.