വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക്; കര്‍ഷകര്‍ വലയുന്നു

പത്തനാപുരം: മഴയത്തെുടര്‍ന്നുള്ള നാശനഷ്ടത്തിന് പുറമെ വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് എത്തുന്നത് പതിവായതോടെ കിഴക്കന്‍മേഖലയിലെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. പത്തനാപുരം, പിറവന്തൂര്‍, കലഞ്ഞൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശങ്ങളിലെ വനമേഖലകളിലാണ് മഴക്കെടുതിക്കൊപ്പം വന്യമൃഗശല്യവും രൂക്ഷമായിരിക്കുന്നത്. വനമേഖലയോട് ചേര്‍ന്ന ജനവാസകേന്ദ്രങ്ങളില്‍ കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ അക്രമം ജനങ്ങളുടെ ജീവിതത്തിനും വെല്ലുവിളിയാകുകയാണ്. വാഴ, തെങ്ങ്, കവുങ്ങ്, റബര്‍ തുടങ്ങിയവ കാട്ടാനക്കൂട്ടം കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി നശിപ്പിച്ചു. കടം വാങ്ങിയും പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്ന മലയോര കര്‍ഷകരാണ് ഇതോടെ ദുരിതത്തിലായത്. പാടം വൃന്ദാവനത്തില്‍ തുളസി, കിഴക്കേ പാറുവേലില്‍ വിക്രമന്‍, താഴേത്തോട്ടത്തില്‍ രാജു, ഷാജി, അര്‍ജുനന്‍ പിള്ള, രതീഷ്, രവി എന്നിവരുടെ കാര്‍ഷികവിളകള്‍ കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം നശിപ്പിച്ചു. മഴ തുടങ്ങിയതോടെ കാടിറങ്ങി ജനവാസമേഖലയില്‍ എത്തുന്ന വന്യമൃഗങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. വനത്തോടുചേര്‍ന്ന ജനവാസമേഖലകളില്‍ സൗരോര്‍ജ വേലികളും കിടങ്ങുകളും നിര്‍മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇനിയും യാഥാര്‍ഥ്യമായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.