ട്രോളിങ് നിരോധം; മുന്നൊരുക്കമായി

കൊല്ലം: ചൊവ്വാഴ്ച അര്‍ധരാത്രി നിലവില്‍ വരുന്ന ട്രോളിങ് നിരോധത്തിനുള്ള മുന്നൊരുക്കം പൂര്‍ത്തിയായി. ജൂലൈ 31വരെ 47 ദിവസം യന്ത്രവത്കൃത ബോട്ടുകള്‍ കടലില്‍ പോകുന്നതിനാണ് നിരോധം. തൊഴിലില്ലാതാകുന്ന കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ഉള്‍പ്പെടെ സംസ്ഥാനത്തെ ഒമ്പത് കടലോര ജില്ലകളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ നല്‍കാന്‍ നടപടികളായി. മത്സ്യപ്രജനനത്തിന് തടസ്സമുണ്ടാകാതിരിക്കാനാണ് ജൂണ്‍-ജൂലൈ മാസങ്ങളില്‍ ട്രോളിങ് നിരോധിക്കുന്നത്. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 4500 യന്ത്രവത്കൃത ബോട്ടുകളുണ്ട്. കൊല്ലം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 1400 മത്സ്യബന്ധന ബോട്ടുകളുണ്ട്. യന്ത്രം ഘടിപ്പിച്ചതും അല്ലാത്തതുമായ വള്ളങ്ങള്‍ക്ക് നിരോധം ബാധകമല്ല. കടലില്‍ 12 നോട്ടിക്കല്‍ മൈല്‍ ദൂരപരിധിയിലാണ് (ഏകദേശം 23 കിലോമീറ്റര്‍) യന്ത്രവത്കൃത വള്ളങ്ങള്‍ മത്സ്യബന്ധനം നടത്തുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യറേഷന് സപൈ്ള ഓഫിസുകളില്‍ അപേക്ഷ സ്വീകരിച്ചുതുടങ്ങി. ട്രോളിങ് നിരോധകാലത്ത് റേഷന്‍ കടകള്‍വഴി അരിയും ഗോതമ്പും സൗജന്യമായി വിതരണം ചെയ്യും. പഞ്ഞമാസ ആനുകൂല്യ വിതരണം ഫിഷറീസ് വകുപ്പ് ആരംഭിച്ചു. നിരോധം ആരംഭിക്കുന്നതിനുമുമ്പ് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ തീരദേശത്തും കടലിലും മൈക്ക് അനൗണ്‍സ്മെന്‍റ് നടത്തും. തീരദേശത്തെ ഡീസല്‍ പമ്പുകള്‍ അടച്ചിടും. വള്ളങ്ങള്‍ക്ക് ഡീസല്‍ നല്‍കാന്‍ മത്സ്യഫെഡിന്‍െറ പമ്പുകള്‍ പ്രവര്‍ത്തിക്കും. ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്സ്മെന്‍റും തീരദേശ പൊലീസും നിരോധ കാലയളവില്‍ കടലില്‍ പട്രോളിങ് നടത്തും. തീരത്ത് ക്രമസമാധാന പാലനത്തിന് പൊലീസിനെ വിന്യസിക്കും. വള്ളത്തില്‍ കൊണ്ടുവരുന്ന മത്സ്യം വില്‍ക്കാന്‍ തുറമുഖങ്ങളില്‍ സൗകര്യമൊരുക്കും. മണ്‍സൂണ്‍കാല കടല്‍രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിങ്ങിനുമായി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.