കിളികൊല്ലൂര്‍: തോരാതെ പെയ്ത ശക്തമായ മഴയില്‍ കിളികൊല്ലൂരിലും പരിസരങ്ങളിലും നൂറോളം വീടുകള്‍ വെള്ളത്തിലായി. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. കോളജ് ഡിവിഷനില്‍ ശനിയാഴ്ച രാത്രി ഏഴോടെ കാല്‍വഴുതി കൊച്ചുകുളം ഓടയില്‍ വീണ പാലത്തറ കൂട്ടാവില്‍ വീട്ടില്‍ ഷിജുവിനെ (38) കണ്ടത്തൊനുള്ള തിരച്ചില്‍ രാത്രി വൈകിയും തുടരുകയാണ്. കൊച്ചുകുളം, ചാമ്പക്കുളം, പുന്നത്തേ് ഭാഗങ്ങളില്‍ 50 ഓളം വീടുകളില്‍ വെള്ളം കയറി. ബൈപാസിനായി റോഡ് പണി നടക്കുന്ന മങ്ങാട് ശങ്കരനാരായണ ക്ഷേത്ത്രതിനു സമീപം 10 വീടുകളില്‍ വെള്ളം കയറി. കല്ലുംതാഴം ജങ്ഷനില്‍ കൊട്ടറ മുക്ക്, കൈപ്പള്ളില്‍തൊടി, ആനിയില്‍ തൊടി ഭാഗങ്ങളിലെ വീടുകളിലും വെള്ളം നിറഞ്ഞു. വയോധികനായ കൈപ്പള്ളില്‍തൊടിയില്‍ സുദര്‍ശനെയും കുടുംബത്തെയും കൗണ്‍സിലര്‍ വിജയലക്ഷ്മിയുടെ നേതൃത്വത്തില്‍ സമീപത്തെ വീട്ടിലേക്ക് മാറ്റി. ചാത്തിനാംകുളം ഡിവിഷനില്‍ അംബേദ്കര്‍ കോളനി, പുലരി നഗര്‍, ചവിരിക്കല്‍ തൊടി,പത്തായക്കല്ല്, പട്ടാണിചിറ, കുഴിക്കര ഭാഗങ്ങളിലെ 40 ഓളം വീടുകളില്‍ വെള്ളം കയറി. പത്തനാപുരത്ത് വ്യാപകനാശം പത്തനാപുരം: മൂന്നുദിവസമായി തുടരുന്ന മഴയില്‍ പത്തനാപുരം മേഖലയില്‍ വ്യാപകനാശം. നിരവധി വീടുകള്‍ തകര്‍ന്നു. വിളക്കുടി കാര്യറ കുന്നത്തൂര്‍ വീട്ടില്‍ തങ്കമ്മ, ചരുവിള കിഴക്കതില്‍ ജമാല്‍, ഫാത്തിമാ മന്‍സിലില്‍ സബീന, പട്ടാഴി കന്നിമേല്‍ അടക്കാമരക്കുഴി ഭവാനി, തെക്കേതേരി അമ്പാടിയില്‍ ശിവശങ്കരന്‍, മീനം ചരുവിള പുത്തന്‍വീട്ടില്‍ ഗോമതിയമ്മ, പട്ടാഴി വടക്ക് കടുവാത്തോട് അനീഷ് മന്‍സിലില്‍ നിസാര്‍, പത്തനാപുരം പാതിരിക്കല്‍ ശാസ്താംകാവ് അമ്പലത്തിന് സമീപം ലക്ഷംവീട് കോളനിയില്‍ ശിവാനി, പാതിരിക്കലില്‍ വയലോരത്ത് വീട്ടില്‍ ശെല്‍വരാജന്‍ എന്നിവരുടെ വീടുകള്‍ക്ക് നാശമുണ്ടായി. വിളക്കുടി മഞ്ഞമണ്‍കാലയില്‍ രണ്ട് കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു. പാതിരിക്കലില്‍ വയലോരത്ത് വീട്ടില്‍ ശെല്‍വരാജന്‍െറ വീടിന്‍െറ പാര്‍ശ്വഭിത്തി തകര്‍ന്ന് സമീപത്തെ തോട്ടില്‍ പതിച്ചു. ശബ്ദംകേട്ട് വീട്ടിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയതിനാല്‍ ദുരന്തം ഒഴിവായി. വീടിന്‍െറ ശേഷിക്കുന്ന ഭാഗം ഏതുനിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. പാതിരിക്കല്‍, പിടവൂര്‍, പുന്നല, പട്ടാഴി, പിറവന്തൂര്‍, കമുകുംചേരി മേഖലകളില്‍ വന്‍തോതില്‍ കൃഷിനാശവും സംഭവിച്ചു. മിക്ക സ്ഥലത്തും കൃഷിയിടങ്ങള്‍ വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. മരച്ചീനി, വാഴ, റബര്‍ വിളകള്‍ക്കാണ് കൂടുതല്‍ നാശം സംഭവിച്ചത്. വീടുകളില്‍ വെള്ളം കയറി കരുനാഗപ്പള്ളി: കനത്തമഴയില്‍ നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി. കരകൃഷി ഉള്‍പ്പെടെയുള്ളവ നശിച്ചിട്ടുണ്ട്. ഗ്രാമീണ റോഡുകള്‍ വെള്ളക്കെട്ടില്‍ തകര്‍ന്നു. കരുനാഗപ്പള്ളി നഗരസഭയിലെ അയണിവേലിക്കുളങ്ങര, കോഴിക്കോട്, പണിക്കര്‍കടവ്, ആലുംകടവ്, ആദിനാട്, കാട്ടില്‍കടവ്, ക്ളാപ്പന, ഓച്ചിറ, തഴവ, തൊടിയൂര്‍ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ആലപ്പാട് തീരത്ത് കടല്‍കയറ്റം തുടരുകയാണ്. തീരദേശ റോഡ് തകര്‍ച്ച ഭീഷണിയിലുമാണ്. മഴ കനത്തതോടെ മത്സ്യബന്ധനത്തിന് തൊഴിലാളികള്‍ പോകുന്നില്ല. നിര്‍മാണമേഖല, ഇഷ്ടിക തുടങ്ങിയ പരമ്പാരഗത മേഖലയിലെ തൊഴിലാളികളും ജോലിയില്ലാതെ പ്രതിസന്ധിയെ നേരിടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.