ആര്യങ്കാവില്‍ വീണ്ടും പുലി; പശുവിനെ പിടിച്ചു

പുനലൂര്‍: ആര്യങ്കാവിലെ തോട്ടം മേഖലയില്‍ വീണ്ടും പുലിയിറങ്ങി പശുവിനെ കടിച്ചു കൊന്നു. താഴെ ആനച്ചാടി എസ്റ്റേറ്റ് ലയത്തില്‍ ടാപ്പിങ് തൊഴിലാളി രാമറിന്‍െറ രണ്ടു വയസ്സുള്ള പശുവിനെയാണ് പുലി തിന്നത്. എസ്റ്റേറ്റിലും ചേര്‍ന്നുള്ള വനത്തിലും അഴിച്ചുവിട്ടു വളര്‍ത്തുന്ന പശു രാത്രിയില്‍ ആനച്ചാടി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് തങ്ങുന്നത്. കഴിഞ്ഞ രാത്രിയില്‍ ഇവിടെ നിന്നാണ് പശുവിനെ പുലി പിടിച്ചത്. രാവിലെ പശുവിന്‍െറ അവശിഷ്ടങ്ങള്‍ കാത്തിരിപ്പു കേന്ദ്രത്തിലും ചുറ്റുവട്ടത്തും കണ്ടത്തെി. രണ്ടു ദിവസം മുമ്പ് ഫ്ളോറന്‍സില്‍ രാജേന്ദ്രന്‍െറ രണ്ട് പശുക്കുട്ടികളെ പുലി പിടിച്ചിരുന്നു. മഴ കനത്തതോടെ കിഴക്കന്‍മേഖലയില്‍ വന്യമൃഗശല്യവും വര്‍ധിച്ചു. ആന, പന്നി, മ്ളാവ്, കുരങ്ങ് തുടങ്ങിയവ വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്. വനത്തോട് ചേര്‍ന്നുള്ള തോട്ടങ്ങളിലെ തൊഴിലാളികളും മറ്റുമാണ് കൂടുതല്‍ ഭീതിയിലുള്ളത്. ടാപ്പിങ് അടക്കം ജോലികള്‍ക്ക് പുലര്‍ച്ചെ എസ്റ്റേറ്റുകളിലിറങ്ങുന്നവര്‍ വന്യമൃഗങ്ങളുടെ ആക്രമണ ഭീതിലാണ്. എസ്റ്റേറ്റില്‍ നിന്ന് അനുവദിച്ചിരിക്കുന്ന തുച്ഛമായ ഭൂമിയില്‍ കൃഷി ചെയ്യുന്നത് വന്യമൃഗങ്ങള്‍ വ്യാപകമായി നശിപ്പിക്കുന്നു. വളര്‍ത്തുമൃഗങ്ങളെ പുലിയും പിടിക്കുന്നതോടെ ജനങ്ങള്‍ പ്രതിസന്ധിയിലാണ്. നാശം നേരിടുന്നവര്‍ക്ക് വനം വകുപ്പില്‍ നിന്ന് യഥാസമയം നഷ്ടപരിഹാരം ലഭിക്കാത്തതും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.