ആയൂര്‍: കാലവര്‍ഷം ശക്തിപ്പെട്ടതിനെതുടര്‍ന്ന് ഇത്തിക്കരയാറില്‍ നീരൊഴുക്ക് വര്‍ധിച്ച് കരകവിഞ്ഞൊഴുകി. കിഴക്കന്‍ മലനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന ഇത്തിക്കരയാറിന്‍െറ തീരപ്രദേശങ്ങളിലെ കാര്‍ഷികവിളകള്‍ വ്യാപകമായി നശിച്ചു. വാഴ, മരച്ചീനി, പച്ചക്കറി, വെറ്റില കൃഷികള്‍ക്കാണ് നാശനഷ്ടമുണ്ടായത്. തീരത്തെ താഴ്ന്ന പുരയിടങ്ങളിലും വയലേലകളിലും വെള്ളം കയറിയും ഒഴുക്കില്‍പെട്ടുമാണ് കൃഷിനാശം. ആറില്‍ 15-20 അടി കനത്തിലാണ് മിക്കയിടത്തും വെള്ളം ഒഴുകുന്നത്. മണലൂറ്റ് മൂലം കുഴിഞ്ഞ ഭാഗങ്ങളില്‍ അടിയൊഴുക്കും ശക്തിപ്രാപിച്ചിട്ടുണ്ട്. കയങ്ങളും ചുഴികളുമുള്ള ഭാഗങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ പോലും ഇല്ലാത്തത് അപകടസാധ്യത വര്‍ധിപ്പിക്കുമെന്നും ആശങ്കയുണ്ട്. കുഴിയം, മത്തായിപ്പാറ, അര്‍ക്കന്നൂര്‍ ആറാട്ട്കടവ്, ശ്രീലങ്ക, കല്ലടതണ്ണി, വട്ടത്തില്‍, പെരപ്പയം, വെളിനല്ലൂര്‍ ഭാഗങ്ങളില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പഴക്കമേറെയാണ്. ഇത്തിക്കരയാറ്റില്‍ കാലവര്‍ഷത്തെതുടര്‍ന്ന് ഒഴുക്ക് വര്‍ധിച്ചതിനാല്‍ കരയിടിച്ചിലും വ്യാപകമായി. ആറിന് സംരക്ഷണഭിത്തികളോ തീരത്ത് ഈറ്റ, കൈത തുടങ്ങിയ ചെടികളോ ഇല്ലാത്തതിനാലാണ് ശക്തമായ ഒഴുക്കില്‍ കരയിടിയുന്നത്. കണ്ടല്‍ മരങ്ങള്‍ പോലുള്ളവ തീരത്ത് നിന്ന് നശിപ്പിക്കപ്പെട്ടതോടെ കൃഷിയിടങ്ങള്‍ ആറ്റിലേക്ക് ഇടിഞ്ഞ് താഴുകയാണ്. തീരത്തോട് ചേര്‍ന്ന് മണ്ണെടുപ്പും തൊളിയെടുപ്പും മൂലമുണ്ടായ അഗാധ ഗര്‍ത്തങ്ങളിലും വെള്ളം നിറഞ്ഞ് അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. തീരപ്രദേശങ്ങളിലെ താഴ്ന്ന സ്ഥലങ്ങളിലെ വീടുകളില്‍ നിന്നും താമസക്കാര്‍ ബന്ധുവീടുകളിലേക്ക് മാറി. രാത്രിയില്‍ മലവെള്ളപ്പാച്ചില്‍ ശക്തമാകുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വേനല്‍മഴ കാലവര്‍ഷത്തിന് വഴിമാറിയതോടെ മഴക്കെടുതികളും വര്‍ധിച്ചു. മിക്കയിടങ്ങളിലും റോഡുവക്കിലെ മരങ്ങളും റബറുകളും ഒടിഞ്ഞ് വീണ് വൈദ്യുതിബന്ധം തകരാറിലായി. മരക്കൊമ്പുകള്‍ ഒടിഞ്ഞ് വീണ് റോഡ് ഗതാഗതവും നേരിയ തോതില്‍ തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.