ചവറ ഗ്രാമപഞ്ചായത്തില്‍ ഭരണസ്തംഭനമെന്ന് പരാതി

ചവറ: ചവറ ഗ്രാമപഞ്ചായത്തില്‍ ഭരണസ്തംഭനമെന്ന് പരാതി. നയപരമായ തീരുമാനങ്ങളെടുക്കുന്നതിനും പദ്ധതികള്‍ ആവിഷ്കരിക്കുന്നതിലും അംഗങ്ങള്‍ തമ്മിലുള്ള യോജിപ്പില്ലായ്മ പ്രകടമാണ്. ശുദ്ധജലക്ഷാമം, ടെക്നിക്കല്‍ അസിസ്റ്റന്‍റ് നിയമനം, വര്‍ക്കിങ് ഗ്രൂപ് രൂപവത്കരണം തുടങ്ങിയവയില്‍ പഞ്ചായത്ത് കമ്മിറ്റി വ്യക്തമായ തീരുമാനത്തിലത്തൊതെ പിരിയുകയായിരുന്നു. വര്‍ക്കിങ് ഗ്രൂപ് തെരഞ്ഞെടുപ്പിനിടെ ശുദ്ധജലവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രസിഡന്‍റിനെ പൂട്ടിയിടുകയുമുണ്ടായി. ആകെയുള്ള ഇരുപത്തിമൂന്ന് അംഗങ്ങളില്‍ വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. പട്ടികജാതി വനിതാ സംവരണമായതിനാല്‍ കോണ്‍ഗ്രസിലെ പി.കെ. ലളിതയാണ് പ്രസിഡന്‍റ്. ഇടതുപക്ഷത്തില്‍ സി.പി.എമ്മിന് ഏഴും സി.പി.ഐക്ക് മൂന്നും അംഗങ്ങളാണുള്ളത്. യു.ഡി.എഫിലാകട്ടെ കോണ്‍ഗ്രസിന് ആറും ആര്‍.എസ്.പിക്ക് നാലും അംഗങ്ങളും. മൂന്നുപേര്‍ സ്വതന്ത്രരുമാണ്. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ ഇടതുപക്ഷം കുളങ്ങരഭാഗം വാര്‍ഡില്‍ നിന്ന് വിജയിച്ച സ്വതന്ത്രന്‍ രാഹുലിനെ വൈസ് പ്രസിഡന്‍റുമാക്കി. എന്നാല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലുണ്ടായ തര്‍ക്കങ്ങള്‍ മൂലം സി.പി.ഐ തെരഞ്ഞെടുപ്പില്‍ വിട്ടുനില്‍ക്കുകയും സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ യു.ഡി.എഫ് അംഗങ്ങള്‍ വരുകയും ചെയ്തു. എല്‍.ഡി.എഫിലെ തര്‍ക്കങ്ങള്‍ മറനീക്കിയതോടെ സി.പി.ഐ എല്‍.ഡി.എഫ് വിട്ട് സ്വതന്ത്രമായാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ടെക്നിക്കല്‍ അസിസ്റ്റന്‍റിനെ നിയമിക്കുന്നതിനെച്ചൊല്ലിയുണ്ടായ ഭിന്നത പരിഹരിക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. നിയമനവും നടത്തിയിട്ടില്ല. വര്‍ക്കിങ് ഗ്രൂപ് തെരഞ്ഞെടുക്കുന്നതിന് വിളിച്ചുചേര്‍ത്ത പഞ്ചായത്ത് കമ്മിറ്റിയും ബഹളത്തിലാണ് കലാശിച്ചത്. ഇതിനിടയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ ടാങ്കറില്‍ വെള്ളമത്തെിച്ചിരുന്നത് മാര്‍ച്ച് 31ന് അവസാനിപ്പിച്ചിരുന്നു. മഴ തുടങ്ങിയത് കാരണം ടാങ്കര്‍ വെള്ളം വിതരണം നിര്‍ത്തി എന്നാണ് പ്രസിഡന്‍റ് പറഞ്ഞത്. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കത്തിലാണ് പ്രസിഡന്‍റിനെ മുറിക്കുള്ളിലാക്കി വൈസ് പ്രസിഡന്‍റ് കതക് പൂട്ടിയത്. മറ്റ് മെംബര്‍മാര്‍ ഇടപെട്ടാണ് പ്രസിഡന്‍റിനെ തുറന്നുവിട്ടത്. മഴക്കാലപൂര്‍വശുചീകരണം, പരിസ്ഥിതി ദിനാചരണം എന്നിവയിലും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ നടപ്പാക്കിയതുമില്ല. ഉദ്യോഗസ്ഥ ഇടപെടലിലാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.