പാരിസ്ഥിതിക പ്രശ്നം വര്‍ധിക്കുന്നതായി പരാതി

ഓയൂര്‍: വെളിയം, പൂയപ്പള്ളി, കരീപ്ര, വെളിനല്ലൂര്‍ എന്നീ പഞ്ചായത്തുകളിലെ അനധികൃത പാറഖനനം മൂലം പാരിസ്ഥിതികപ്രശ്നം വര്‍ധിക്കുന്നതായി പരാതി. ഈ മേഖലകളില്‍ 450 ഓളം അനധികൃത പാറക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. വെളിയത്തെ കുടവട്ടൂര്‍ ക്വാറിയില്‍ 500 അടി താഴ്ചയിലാണ് പാറഖനനം നടക്കുന്നത്. സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുള്ള ഖനനം മൂലം സമീപത്തെ വീടുകളുടെ ഭിത്തികള്‍ക്കും കിണറുകള്‍ക്കും വിള്ളലുകള്‍ സംഭവിച്ചിട്ടുണ്ട്. പ്രദേശത്തെ കിണറുകളില്‍ മഴക്കാലത്തുപോലും കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണ്. അനധികൃത പാറഖനനത്തിനെതിരെ പരിസ്ഥിതിപ്രവര്‍ത്തകരും നാട്ടുകാരും കലക്ടര്‍, ആര്‍.ഡി.ഒ, തഹസില്‍ദാര്‍, വില്ളേജ് ഓഫിസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. ക്വാറികള്‍ക്ക് സമീപത്ത് ജീവികള്‍ക്കുപോലും താമസിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. രാവും പകലും നിരന്തരമായി സ്ഫോടനശബ്ദം മൂലം പ്രദേശവാസികള്‍ വീട് ഉപേക്ഷിച്ച് പോകേണ്ട അവസ്ഥയിലാണ്. ഗൃഹോപകരണങ്ങള്‍ ശബ്ദത്തില്‍ നിലത്ത് വീണ് നശിക്കുന്നത് പതിവാണ്. ഓടനാവട്ടം-നെടുമണ്‍കാവ് റോഡില്‍ ക്വാറികളിലേക്ക് കടക്കുന്ന 400 ഓളം ടിപ്പര്‍ലോറികള്‍ ഇതുവഴി സര്‍വിസ് നടത്തുന്ന മറ്റ് വാഹനങ്ങള്‍ക്ക് ഭീഷണിയായി. പൂയപ്പള്ളി ഓട്ടുമലയിലെ ക്വാറികള്‍ക്ക് സമീപത്തായി കെ.ഐ.പി കനാല്‍ കടന്നുപോകുന്നുണ്ട്. പാറ തെറിച്ച് കനാലില്‍ കുളിക്കാന്‍ വരുന്നവരുടെ മുന്നില്‍ വീഴുന്നെന്ന പരാതിയും നിലവിലുണ്ട്. ക്വാറികള്‍ക്ക് റവന്യൂ-പൊലീസ് അധികൃതര്‍ നിരവധി തവണ സ്റ്റോപ് മെമ്മോ നല്‍കിയെങ്കിലും നിയമം കാറ്റില്‍പറത്തിയാണ് ഖനനം. വാഴ, മരച്ചീനി, പച്ചക്കറി തുടങ്ങിയ കൃഷിയിടങ്ങളിലേക്ക് പാറ തെറിച്ച് വീഴുന്നുണ്ട്. ഇതുമൂലം കൃഷിനശിച്ചതോടെ കര്‍ഷകര്‍ സാമ്പത്തികപ്രതിസന്ധിയിലാണ്. കരീപ്രയില്‍ ജലസംഭരണിക്ക് സമീപത്തെ പട്ടികജാതി കോളനിയോട് ചേര്‍ന്നാണ് അനധികൃത പാറഖനനം നടക്കുന്നത്. ഖനനത്തിനിടെ തെറിക്കുന്ന പാറച്ചീളുകള്‍ ജലസംഭരണിയില്‍ തട്ടി വിള്ളലുണ്ടാക്കിയിട്ടുണ്ട്. സമീപത്തെ കോളനികളിലേക്ക് സംഭരണിയിലെ വെള്ളം ഒഴുകുന്നതിന് കാരണമാകുമെന്ന ഭയത്തിലാണ് പ്രദേശവാസികള്‍. ഇത് ചൂണ്ടിക്കാട്ടി റവന്യൂഅധികൃതര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഈ ക്വാറികള്‍ക്ക് സ്റ്റോപ് മെമ്മോ നല്‍കിയിട്ടുണ്ടെങ്കിലും ഖനനം തുടരുകയാണ്. വെളിനല്ലൂരിലെ ഐശ്വര്യ ഗ്രാനൈറ്റിലെ അനധികൃതഖനനം മൂലം പ്രദേശത്തെ 400 ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണ്. റവന്യൂ-പൊലീസ് ബന്ധം മൂലം പാറഖനനം പോലുള്ള പാരിസ്ഥിതികപ്രശ്നങ്ങളില്‍ അധികൃതര്‍ ഇടപെടുന്നില്ളെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.