പുതിയ അധ്യയനവര്‍ഷത്തിലും ചുറ്റുമതിലില്ലാതെ ചവറയിലെ പെണ്‍പള്ളിക്കൂടം

ചവറ: സ്കൂള്‍ അന്തരീക്ഷം നവീകരിച്ചും സ്മാര്‍ട്ട് ക്ളാസ് റൂം ഒരുക്കിയും പുത്തന്‍ കൂട്ടുകാരെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങള്‍ ഒരുങ്ങുമ്പോള്‍ ചവറയിലെ ഏക സര്‍ക്കാര്‍ പെണ്‍പള്ളിക്കൂടം കാലങ്ങളായി ആവശ്യപ്പെടുന്ന വികസനത്തിന് പരിഹാരം കാണാനാകാതെയാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. ശങ്കരമംഗലം ഗവ. ഗേള്‍സ് ഹൈസ്കൂളാണ് ചുറ്റുമതിലോ മതിയായ സംരക്ഷണമോ ഇല്ലാതെ അടുത്ത അധ്യയനവര്‍ഷത്തേക്ക് കടക്കുന്നത്. അഞ്ചാം ക്ളാസ് മുതല്‍ പത്താം ക്ളാസ് വരെയായി അഞ്ഞൂറോളം കുട്ടികളാണ് ഇവിടെയുള്ളത്. എട്ട് മുതല്‍ പത്ത് വരെയും പെണ്‍കുട്ടികള്‍ മാത്രമാണ് പഠിക്കുന്നതും. എന്നാല്‍, ആര്‍ക്കും ഏപ്പോള്‍ വേണമെങ്കിലും കടക്കാനാകുംവിധം ഒരു വേലിയുടെ പോലും മറവില്ലാതെ തുറന്നുകിടക്കുകയാണ് സ്കൂളിന്‍െറ പടിഞ്ഞാറ് ഭാഗം. സ്കൂള്‍ കോമ്പൗണ്ടിന്‍െറ ഈ ഭാഗത്തിന് പടിഞ്ഞാറും തെക്കുമായി താമസിക്കുന്ന കുടുംബങ്ങള്‍ വഴിയായി ഉപയോഗിക്കുന്നത് കാരണം നിലനില്‍ക്കുന്ന തര്‍ക്കമാണ് മതില്‍ കെട്ടുന്നതിന് തടസ്സം. പലതവണ ഈ ആവശ്യത്തിന് പരിഹാരം കാണാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒരു വാഹനം കടന്നുപോകുന്ന വീതിയില്‍ വഴി നല്‍കാമെന്ന് ധാരണയാക്കിയെങ്കിലും പിന്നീട് ഈ കാര്യത്തില്‍ പുരോഗതിയുണ്ടായില്ല. മാസങ്ങള്‍ക്ക് മുമ്പ് ക്ളാസ് മുറിയില്‍ നായ ഓടിക്കയറിയ സംഭവമുണ്ടായിരുന്നു. രക്ഷാകര്‍ത്താക്കളടക്കം ഇതോടെ മതില്‍ വേണമെന്ന ആവശ്യവുമായി രംഗത്തുവന്നതിനെതുടര്‍ന്ന് ബാലാവകാശ കമീഷന്‍ അന്വേഷണം നടത്തി ചുറ്റുമതില്‍ വേണമെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ഡി.ഡി ഓഫിസിലും ഡി.പി.ഐ ഓഫിസിലും പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, പ്രതിഷേധങ്ങള്‍ കെട്ടടങ്ങിയതോടെ പരാതികളിന്മേലുള്ള നടപടികളും നിലച്ചു. പുതിയ അധ്യയനവര്‍ഷത്തിന് ആരംഭം കുറിച്ചിട്ടും സ്കൂള്‍ സംരക്ഷണം കടലാസില്‍ തന്നെയാണ്. പഠനനിലവാരത്തിലും കലാകായിക രംഗത്തും മികവ് പുലര്‍ത്തുന്ന സ്കൂളില്‍ കുട്ടികളെ വിടാനും ഇക്കാരണങ്ങള്‍ കൊണ്ട് രക്ഷാകര്‍ത്താക്കള്‍ മടിക്കുകയാണെന്ന് സ്കൂള്‍ അധികൃതരും പറയുന്നു. ഇനിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടാകണമെന്ന ആവശ്യത്തിലാണ് അധ്യാപക-രക്ഷാകര്‍തൃസമിതിയും .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.