പത്തനാപുരം: പാതയോരങ്ങളിലെ തണല്‍മരങ്ങള്‍ അപകടഭീഷണിയാകുന്നു. പത്തനാപുരം-പുനലൂര്‍ പാതയില്‍ ഏതുനിമിഷവും നിലംപതിച്ച് അപകടം ഉണ്ടാകാവുന്ന തരത്തില്‍ നൂറിലധികം വന്‍വൃക്ഷങ്ങളാണുള്ളത്. കഴിഞ്ഞദിവസം വൈകീട്ട് തണല്‍മരം കടപുഴകി റോഡിന് കുറുകെ വീണിരുന്നു. തലനാരിഴക്കാണ് വന്‍ദുരന്തം ഒഴിവായത്. മിക്കയിടങ്ങളിലും എതിര്‍വശത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്ത തരത്തില്‍ കൂറ്റന്‍മരങ്ങള്‍ റോഡിലേക്ക് ചാഞ്ഞുനില്‍ക്കുകയാണ്. പിറവന്തൂര്‍, വാഴത്തോപ്പ്, കടയ്ക്കാമണ്‍, പുതുവല്‍, കലഞ്ഞൂര്‍ മേഖലകളിലാണ് അപകടഭീഷണിയായി മരങ്ങള്‍ നില്‍ക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കം ചെന്ന മരങ്ങള്‍ ഭൂരിഭാഗവും ഉണങ്ങി ഒടിഞ്ഞുവീഴാറായ സ്ഥിതിയിലാണ്. വഴിയോരതണല്‍മര പദ്ധതിപ്രകാരം വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊതുമരാമത്തുവകുപ്പും വനംവകുപ്പും ചേര്‍ന്നാണ് മരങ്ങള്‍ വെച്ചുപിടിപ്പിച്ചത്. എന്നാല്‍, പടര്‍ന്നുപന്തലിച്ച് നില്‍ക്കുന്ന മരങ്ങള്‍ പലപ്പോഴും യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും അപകടമാണ് വരുത്തിവെക്കുന്നത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയിലും പത്തനാപുരം-അടൂര്‍ പാതയോരങ്ങളിലും മരങ്ങളില്‍ പലതും ചുവട് ദ്രവിച്ച് ഒടിഞ്ഞുവീഴാറായി നില്‍ക്കുകയാണ്. കഴിഞ്ഞവര്‍ഷം പത്തനാപുരം നഗരമധ്യത്തില്‍ ആഡംബരബസിന് മുകളിലേക്ക് മരം കടപുഴകിയിരുന്നു. അപകടസ്ഥിതിയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് നിരവധിതവണ നാട്ടുകാര്‍ പരാതികള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. വനം, പൊതുമരാമത്ത് വകുപ്പുകളുടെ നിയമവശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മരങ്ങള്‍ മുറിക്കാന്‍ അധികൃതര്‍ കാലതാമസം വരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.