ജോലി ചെയ്തുവന്ന വീട്ടില്‍ മോഷണം: യുവാവ് പിടിയില്‍

കൊട്ടിയം: പൗള്‍ട്രിഫാം ഉടമയുടെ വീട്ടില്‍ ജോലി ചെയ്തുവന്ന യുവാവ് വീട്ടില്‍നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു. മയ്യനാട് വലിയവിള മാടന്‍നട സുപ്രഭാതത്തില്‍ ബാബുവിന്‍െറ വീട്ടിലാണ് മോഷണം നടന്നത്. വീടിനോട് ചേര്‍ന്നുള്ള പൗള്‍ട്രിഫാമില്‍ ആറുമാസമായി ജോലി ചെയ്തുവന്നിരുന്ന വലിയവിള സൂനാമി കോളനിയില്‍ താമസിക്കുന്ന ജോര്‍ജാണ്(21) പിടിയിലായത്. നാലുപവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയുമാണ് ജോര്‍ജ് പലപ്പോഴായി അപഹരിച്ചതെന്ന് വീട്ടുടമ പറഞ്ഞു. പൊലീസ് പറയുന്നതിങ്ങനെ: രണ്ട് നിലയുള്ള വീട്ടിലാണ് ബാബുവും കുടുംബവും താമസിക്കുന്നത്. മുകളിലത്തെ നിലയില്‍ മകനും ഭാര്യയും പ്രത്യേകം താമസിക്കുന്നു. രാവിലെ മകന്‍ വീട് പൂട്ടി ജോലിക്കുപോകും. താക്കോല്‍ പുറത്ത് വെച്ചിട്ടാണ് പോകുന്നത്. വീട്ടില്‍ സ്വാതന്ത്ര്യമുള്ള ജോര്‍ജ് ഇത് മനസ്സിലാക്കി ടെറസ് വഴിയും ഒന്നാംനിലയുടെ ഗോവണിപ്പടി വഴിയും അകത്തുകടന്ന് പലപ്പോഴായി കുറേശ്ശെ രൂപ കൈക്കലാക്കുമായിരുന്നു. പലപ്പോഴും രൂപ കുറയുന്നതായി വീട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നു. വ്യാഴാഴ്ച വൈകീട്ട് നാലിന് ബാബുവിന്‍െറ ഭാര്യ താഴത്തെ നിലയിലെ മുറി പൂട്ടി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. വഴിമധ്യേയാണ് മൊബൈല്‍ എടുക്കാന്‍ മറന്ന വിവരം അറിയുന്നത്. ഉടന്‍ വീട്ടിലേക്ക് തിരിച്ചുവന്നു. വീട്ടിലത്തെിയപ്പോള്‍ അകത്ത് മേശ തുറക്കുന്ന ശബ്ദം കേട്ടു. അടുത്ത പറമ്പില്‍ മരം മുറിച്ചുകൊണ്ടിരുന്ന തൊഴിലാളികളെ വിവരമറിയിക്കുകയായിരുന്നു. എല്ലാവരും ഓടിയത്തെി ജോര്‍ജിനെ കൈയോടെ പിടികൂടുകയായിരുന്നു. കുറ്റം സമ്മതിച്ച ജോര്‍ജിനെ ഇരവിപുരം പൊലീസിന് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.