നൂറിന്‍െറ നിറവില്‍ അഞ്ചുതെങ്ങ് സേക്രട്ട്ഹാര്‍ട്ട്

ആറ്റിങ്ങല്‍: ശതാബ്ദിയുടെ നിറവില്‍ അഞ്ചുതെങ്ങ് സേക്രട്ട്ഹാര്‍ട്ട് സ്കൂള്‍. 1916 മാര്‍ച്ച് 25നായിരുന്നു സ്കൂള്‍ സ്ഥാപിച്ചത്. അന്നത്തെ കൊല്ലം രൂപതാ അധ്യക്ഷന്‍ ബിഷപ് ബെന്‍സിഗറുടെ പ്രത്യേക താല്‍പര്യ പ്രകാരം സ്ഥാപിച്ച വിദ്യാലയമാണിത്. ആദ്യം സേക്രട്ട്ഹാര്‍ട്ട് കോണ്‍വന്‍റായാണ് സ്ഥാപിതമായത്. തുടര്‍ന്ന് ഇതിനുകീഴില്‍ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളും ക്ഷേമകാര്യസ്ഥാപനങ്ങളും ആരംഭിച്ചു. അവികസിത മേഖലയായ അഞ്ചുതെങ്ങില്‍ പൂര്‍ണമായും നിര്‍ധനരായിരുന്നു താമസിച്ചിരുന്നത്. മേഖലയിലെ പെണ്‍കുട്ടികളുടെ ആത്മീയവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ വളര്‍ച്ച ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂള്‍ സ്ഥാപിച്ചത്. ആദ്യ ഘട്ടത്തില്‍ പ്രാഥമികവിദ്യാഭ്യാസത്തിനും സിസ്റ്റേഴ്സിന്‍െറ താമസത്തിനുമായി താല്‍ക്കാലികമായി ഒരു ഷെഡ് നിര്‍മിച്ച് ക്ളാസുകള്‍ ആരംഭിച്ചു. ആദ്യ വര്‍ഷംതന്നെ 292 കുട്ടികള്‍ പ്രവേശം നേടിയിരുന്നു. 1923 ജനുവരി 31ന് എല്‍.പി സ്കൂളിനോട് ചേര്‍ന്ന് ബ്രിട്ടീഷ് സര്‍ക്കാറിന്‍െറ അംഗീകാരത്തോടെ ടെക്നിക്കല്‍ സ്കൂളും പ്രവര്‍ത്തനമാരംഭിച്ചു. തുടര്‍ന്ന് നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് അനാഥാലയവും കുട്ടികളുടെ പഠനസൗകര്യത്തിനും അധ്യാപകര്‍ക്കു താമസത്തിനുമായി ബോര്‍ഡിങ്ങും ഹോസ്റ്റലും പ്രവര്‍ത്തനമാരംഭിച്ചു. കൂടാതെ, തയ്യല്‍ ക്ളാസുകള്‍, ഹാന്‍ഡ് വര്‍ക്ക്, ഡ്രോയിങ് തുടങ്ങിയ മേഖലയിലും പരിശീലനം സജീവമായി. 1935ല്‍ യു.പി സ്കൂളായി മാറി. 1983ഓടെ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ അനാഥാലയവും ആരംഭിച്ചു. വര്‍ക്കല, കടയ്ക്കാവൂര്‍, ആറ്റിങ്ങല്‍, ചിറയിന്‍കീഴ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ധാരാളം വിദ്യാര്‍ഥികളെ സ്കൂളിലേക്ക് ആകര്‍ഷിച്ചു. 2005ലാണ് ഇംഗ്ളീഷ് മീഡിയം ഹൈസ്കൂളിന് അംഗീകാരം ലഭിച്ചത്. ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം താല്‍പര്യമുള്ളവര്‍ക്കായി വേദപാഠക്ളാസുകള്‍, വിവാഹപൂര്‍വ കൗണ്‍സലിങ്, സാക്ഷരതാ ക്ളാസുകള്‍, മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ നിരവധി മേഖലകളില്‍ സജീവ സാന്നിധ്യമായി. നിലവില്‍ 1500ഓളം കുട്ടികളാണ് ഇന്ന് ഇവിടെ പഠനം നടത്തുന്നത്. ശതാബ്ദിയുടെ ഭാഗമായി ശനിയാഴ്ച നടക്കുന്ന പ്രത്യേക പ്രാര്‍ഥനക്ക് ഡോ. സൂസപാക്യം നേതൃത്വം നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.