കലക്ടറും ജീവനക്കാരും മുന്നിട്ടിറങ്ങി; സിവില്‍ സ്റ്റേഷന്‍ ക്ളീന്‍

കൊല്ലം: വീടും പരിസരവും മാത്രമല്ല ജോലി ചെയ്യുന്ന സ്ഥലംകൂടി വൃത്തിയായി സൂക്ഷിക്കണമെന്ന് ലോകത്തിന് കാട്ടിക്കൊടുക്കുകയാണ് കൊല്ലം സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍. അവധിദിവസമായ ഞായറാഴ്ച കലക്ടറുടെ നേതൃത്വത്തില്‍ ജീവനക്കാരെല്ലാം എത്തിയതോടെ സിവില്‍ സ്റ്റേഷനും പരിസരവും വൃത്തിയായി. ഓരോ ഓഫിസിലും കുന്നുകൂടിക്കിടന്ന ആവശ്യമില്ലാത്ത വസ്തുക്കളും പഴയ വാഹനങ്ങളും നീക്കി. വിവിധ കോടതികള്‍ ഉള്‍പ്പെടുന്ന സിവില്‍ സ്റ്റേഷനിലെ 76 ഓഫിസുകളും ഇപ്പോള്‍ ക്ളീനാണ്. ഉച്ചക്ക് കപ്പയും ചമ്മന്തിയും കഴിച്ച് ചുക്കുകാപ്പിയും കുടിച്ച് ബാക്കി ജോലികളും പൂര്‍ത്തിയാക്കിയാണ് ജീവനക്കാര്‍ മടങ്ങിയത്. കലക്ടര്‍ എ. ഷൈനാമോളുടെ നേതൃത്വത്തിലാണ് സിവില്‍ സ്റ്റേഷന്‍ സമുച്ചയത്തില്‍ തീവ്രശുചീകരണ യജ്ഞം നടത്തിയത്. അവധി ദിവസമായിരുന്നിട്ടുകൂടി ബഹുഭൂരിപക്ഷം ജീവനക്കാരും പങ്കെടുത്തു. ഉപയോഗശൂന്യമായ വസ്തുക്കള്‍ പൂര്‍ണമായും നീക്കിയിട്ടുണ്ടോയെന്ന് കലക്ടര്‍ ഓരോ ഓഫിസിലും നേരിട്ടത്തെി പരിശോധിച്ചു. ഉപയോഗിക്കാന്‍ കഴിയാത്ത ഫര്‍ണിച്ചര്‍ അടക്കമുള്ള വസ്തുക്കളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയവ നീക്കിത്തുടങ്ങി. മറ്റുള്ളവ നീക്കാനുള്ള ലേലനടപടികള്‍ തുടരുന്നു. കലക്ടറേറ്റ് വളപ്പില്‍ കൂട്ടിയിട്ടിരുന്ന പഴയ വാഹനങ്ങള്‍ കഴിഞ്ഞദിവസം റവന്യൂ പുറമ്പോക്കിലേക്ക് നീക്കിയിരുന്നു. ഓരോ വകുപ്പിന്‍െറയും ജില്ലാതല ഉദ്യോഗസ്ഥരാണ് അവരുടെ ഓഫിസിന്‍െറ ശുചീകരണപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചത്. പ്ളാസ്റ്റിക്മാലിന്യം, ഇതരമാലിന്യം എന്നിവ പ്രത്യേകം തരംതിരിച്ചായിരുന്നു ശുചീകരണം. കുടുംബശ്രീ ജില്ലാ മിഷന്‍െറ നേതൃത്വത്തില്‍ പ്രവര്‍ത്തകരും പങ്കാളികളായി. എ.ഡി.എം ഐ. അബ്ദുല്‍ സലാം, ആര്‍.ഡി.ഒ വി. രാജചന്ദ്രന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ എം.എ. റഹിം, കെ.ടി. വര്‍ഗീസ് പണിക്കര്‍, ആര്‍.പി. മഹാദേവകുമാര്‍, കുടുംബശ്രീ ജില്ലാ കോഓഡിനേറ്റര്‍ എ. മുഹമ്മദ് അന്‍സര്‍ എന്നിവര്‍ വിവിധ ഓഫിസുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. കൊല്ലം താലൂക്ക് ഓഫിസില്‍ തഹസില്‍ദാര്‍ പി.ആര്‍. ഗോപാലകൃഷ്ണന്‍ നേതൃത്വം നല്‍കി. ജില്ലയിലെ എല്ലാ താലൂക്ക് ഓഫിസുകളിലും വില്ളേജ് ഓഫിസുകളിലും പരിപാടിയുടെ ഭാഗമായി ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.