കുംഭാവുരുട്ടിയില്‍ സന്ദര്‍ശകരുടെ തിരക്കേറുന്നു

പത്തനാപുരം: അച്ചന്‍കോവില്‍-ചെങ്കോട്ട പാതയിലെ കുംഭാവുരുട്ടി വെള്ളച്ചാട്ടം കാണാന്‍ സന്ദര്‍ശകരുടെ തിരക്കേറുന്നു. കാലവര്‍ഷം ശക്തമായതോടെയാണ് വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചത്. തമിഴ്നാട്ടില്‍നിന്നുള്ള ആളുകളാണ് അധികവും ഇവിടെ എത്തുന്നത്. സീസണായതോടെ ഏകദേശം ഒരുലക്ഷം രൂപയുടെ ടിക്കറ്റ് ദിനംപ്രതി വിറ്റുപോവുന്നുണ്ട്. കാട്ടരുവിയിലെ ജലം 250 അടി താഴ്ചയിലേക്ക് പതിച്ചാണ് വെള്ളച്ചാട്ടം രൂപപ്പെട്ടിട്ടുള്ളത്. അച്ചന്‍കോവിലാറിന്‍െറ കൈവഴിയും പുലിക്കവല, കാനയാര്‍ അരുവികളും കുംഭാവുരുട്ടിയില്‍ സംഗമിക്കുന്നു. സ്ത്രീകള്‍ക്കും വെള്ളത്തിലിറങ്ങാനുള്ള പ്രത്യേക സംവിധാനവും ഇവിടെ ഉണ്ട്. വനസംരക്ഷണസമിതിക്കാണ് വെള്ളച്ചാട്ടത്തിന്‍െറ സംരക്ഷണച്ചുമതല. വിനോദസഞ്ചാരികള്‍ക്ക് സഹായവുമായി പരിശീലനം ലഭിച്ച ഗൈഡുകളും ഉണ്ട്. ദിവസേന ആയിരത്തിലധികം സഞ്ചാരികള്‍ ഇവിടെ വന്നുപോകുന്നുണ്ടെന്നാണ് കണക്കുകള്‍. കുംഭാവുരുട്ടി മണലാര്‍ പദ്ധതിയുടെ ഭാഗമായാണ് സഞ്ചാരികള്‍ക്കിവിടെ പ്രവേശം അനുവദിച്ചിട്ടുള്ളത്. പ്രധാനപാതയില്‍നിന്ന് കാനനപാതയിലൂടെ സഞ്ചരിച്ചുവേണം പൂര്‍ണമായും പാറക്കെട്ടുകള്‍ക്ക് നടുവിലെ ജലപാതത്തില്‍ എത്താനാവുക. ജലംപതിക്കുന്നത് പാറയിലേക്ക് തന്നെ ആയതിനാല്‍ അപകടകരമായ കുഴികളും ഇവിടെയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.