കൊട്ടാരക്കര: താമരക്കുടി സര്‍വിസ് സഹകരണ ബാങ്കിലെ 12 കോടിയുടെ തട്ടിപ്പിനിരയായ നിക്ഷേപകര്‍ക്ക് പണം ലഭിക്കാന്‍ ഇനിയും നടപടി ആയില്ല. എല്‍.ഡി.എഫ് വരുമ്പോള്‍ എങ്കിലും എല്ലാം ശരിയാകും എന്ന് വിചാരിച്ചവരും ഇപ്പോള്‍ നിരാശയിലാണ്. സര്‍ക്കാര്‍ ഗാരന്‍റിയുണ്ടെന്ന് വിശ്വസിപ്പിച്ച് പണം നിക്ഷേപിച്ചവര്‍ ഞാനൊന്നുമറിഞ്ഞില്ളെന്ന മട്ടില്‍ കൈമലര്‍ത്തുന്നു. പണത്തിന് ഇനി എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് നിക്ഷേപകര്‍. നിക്ഷേപം തിരികെ കിട്ടാന്‍ ഇവര്‍ മുട്ടാത്ത വാതിലുകളില്ല. സി.പി.എം ഏരിയ നേതാക്കള്‍വരെ ഭരണസമിതിയിലിരുന്ന കാലത്താണ് തട്ടിപ്പുകള്‍ അരങ്ങേറിയത്. എന്നാല്‍, ഇപ്പോള്‍ തട്ടിപ്പില്‍ പങ്കില്ളെന്നും കുറ്റക്കാരെ ശിക്ഷിക്കുന്നതില്‍ എതിരല്ളെന്നുമാണ് പാര്‍ട്ടി പരസ്യമായി പറയുന്നത്. കോണ്‍ഗ്രസാകട്ടെ അധികാരത്തില്‍ ഇരുന്നിട്ടും നിക്ഷേപകര്‍ക്ക് പണം വാങ്ങിനല്‍കുകയോ കുറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ തയാറാകുകയോ ചെയ്യാതെ സ്ഥലം എം.പിയുടെ നേതൃത്വത്തില്‍ ചില പ്രഹസന സമരങ്ങള്‍ തെരഞ്ഞെടുപ്പുസമയത്ത് നടത്തുകയും ചെയ്തു. എം.എല്‍.എയാകട്ടെ തന്‍െറ ജന്മനാട്ടിലെ ബാങ്കില്‍ നടന്ന വന്‍ തട്ടിപ്പ് ഇതുവരെ നിയമസഭയില്‍ ഉന്നയിക്കാനോ നിക്ഷേപം മടക്കിനല്‍കാന്‍ സമ്മര്‍ദം ചെലുത്താനോ തയാറായിട്ടില്ളെന്നും നിക്ഷേപകര്‍ പറയുന്നു. നാലുപതിറ്റാണ്ട് പാരമ്പര്യമുള്ള താമരക്കുടി സഹകരണബാങ്കിലെ തട്ടിപ്പ് കേരളത്തില്‍ സഹകരണ മേഖലയില്‍ നടന്ന ഏറ്റവും വലിയ തട്ടിപ്പാണ്. സി.പി.എം ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് നടത്തിയ 12 കോടിയുടെ തട്ടിപ്പുമൂലം ജില്ലയിലെ ഏറ്റവും നല്ല ബാങ്ക് അടച്ചുപൂട്ടലിന്‍െറ വക്കിലും നിക്ഷേപകര്‍ ആത്മഹത്യാമുനമ്പിലും ആയിട്ട് വര്‍ഷങ്ങള്‍ മൂന്ന് പിന്നിട്ടു. വിവാഹ ആവശ്യത്തിനും വീടുവെക്കാനും സ്വരുക്കൂട്ടി വെച്ച തുകയും പലിശയും കിട്ടാത്തവര്‍ മൂവായിരത്തോളം വരും. 2012-13 വര്‍ഷത്തെ ഓഡിറ്റ് പ്രകാരം 13 കോടിയോളം രൂപയുടെ ക്രമക്കേടാണ് ബാങ്കില്‍ നടന്നിട്ടുള്ളത്. എട്ടുകോടിയോളം രൂപയുടെ നിക്ഷേപശോഷണം സംഭവിച്ച ബാങ്കില്‍ അഞ്ചുകോടിയോളം രൂപ തിരിച്ചടവ് കുടിശ്ശികയുമുള്ളതായി ഓഡിറ്റില്‍ കണ്ടത്തെിയിരുന്നു. ആറുപേരുടെ പരാതികളിലായി 80 ലക്ഷം രൂപ നല്‍കാന്‍ സഹകരണ ഓംബുഡ്സ്മാന്‍ വിധിച്ചെങ്കിലും നിലവിലെ ഭാരവാഹികള്‍ ഹൈകോടതിയില്‍നിന്ന് സ്റ്റേ വാങ്ങി. കോടതി സംവിധാനങ്ങള്‍ വിധിച്ചിട്ടുപോലും പണം തിരികെ ലഭിക്കാത്ത അവസ്ഥയാണുള്ളതെന്ന് നിക്ഷേപകര്‍ പരിതപിക്കുന്നു. വിധി നടപ്പാക്കിക്കിട്ടാന്‍ എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണിവര്‍. സെക്രട്ടറിയായിരുന്ന വിജയകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ, 14 ഭരണസമിതി അംഗങ്ങളും കുറ്റക്കാരാണെന്നുകണ്ട് അറസ്റ്റ് ചെയ്യാന്‍ ശ്രമം നടന്നെങ്കിലും രാഷ്ട്രീയ ഇടപെടല്‍ തടസ്സമായി. ഭരണസമിതിക്കാരില്‍ ചിലര്‍ മുന്‍കൂര്‍ ജാമ്യം നേടിയും മറ്റ് ചിലര്‍ തങ്ങളുടെ പേരിലുള്ള ബാധ്യത തിരിച്ചടച്ചും കേസില്‍നിന്ന് ഒഴിവായി. ഇപ്പോള്‍ ക്രൈംബാഞ്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും നിക്ഷേപകര്‍ക്ക് ആശ്വാസകരമായ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.