കശുവണ്ടി ഫാക്ടറികള്‍ അടഞ്ഞുതന്നെ; തൊഴിലാളികളുടെ പട്ടിണിയില്‍ മാറ്റമില്ല

ഓയൂര്‍: മാസങ്ങളായി ജില്ലയിലെ കശുവണ്ടി ഫാക്ടറികള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ തൊഴിലാളികള്‍ പട്ടിണിയില്‍. കശുവണ്ടി വികസന കോര്‍പറേഷന്‍െറയും കാപ്പെക്സിന്‍െറയും ഫാക്ടറികള്‍ ഉടന്‍ തുറക്കുമെന്ന് അറിയിപ്പുണ്ട്. എന്നാല്‍, സ്വകാര്യ ഫാക്ടറികള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം ഉണ്ടായിട്ടില്ല. കൊട്ടാരക്കര താലൂക്കിലാണ് ഏറ്റവും കൂടുതല്‍ കശുവണ്ടി ഫാക്ടറികള്‍ ഉള്ളത്. വെളിയത്തെ 13ല്‍ രണ്ടെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പൂയപ്പള്ളിയില്‍ 12ല്‍ 11നും കരീപ്രയില്‍ എട്ടും കശുവണ്ടി ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നില്ല. ആയിരക്കണക്കിന് തൊഴിലാളികളാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്. രാഷ്ട്രീയപാര്‍ട്ടികളുടെ തൊഴിലാളി സംഘടനകള്‍ കശുവണ്ടി ഫാക്ടറികള്‍ തുറക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയും നിലച്ചതോടെ പട്ടിണിയകറ്റാന്‍ സ്ത്രീ തൊഴിലാളികള്‍ക്ക് കൂലിവേലയിലേക്കും കെട്ടിടനിര്‍മാണ പ്രവര്‍ത്തന മേഖലയിലേക്കും ചുവട് മാറ്റേണ്ടി വന്നു. റബറിന്‍െറ വിലയിടിവും തുടരെ ഉണ്ടാകുന്ന മഴയും കെട്ടിട നിര്‍മാണമേഖലയേയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഓണത്തിന് കശുവണ്ടി മേഖലയില്‍നിന്ന് തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്ന ബോണസ് ജോലിയില്ലാത്തതിനാല്‍ ഇത്തവണ ലഭിക്കാന്‍ സാധ്യതയില്ലാത്തതും ഇവര്‍ക്ക് തിരിച്ചടിയായി. കശുവണ്ടി തൊഴിലാളികളില്‍ പലരും വീട് നിര്‍മാണത്തിനുള്‍പ്പെടെ ബാങ്കില്‍നിന്നെടുത്ത വായ്പ തിരിച്ചടക്കാനാവാത്ത അവസ്ഥയിലാണ്. വിദ്യാര്‍ഥികളുടെ പഠനച്ചെലവിനും ഇവര്‍ ബുദ്ധിമുട്ടുന്നുണ്ട്. കൂടാതെ, പനിയും മറ്റ് രോഗങ്ങളും പിടിപെട്ട് സര്‍ക്കാര്‍ ആശുപത്രികളെയാണ് തൊഴിലാളികള്‍ ആശ്രയിക്കുന്നത്. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ മറ്റ് ആശുപത്രിയിലേക്ക് ഡോക്ടര്‍മാര്‍ പറഞ്ഞയക്കുമെങ്കിലും ചെലവിന് മറ്റ് മാര്‍ഗമില്ലാതെ ബ്ളേഡ് മാഫിയയില്‍നിന്ന് പണം പലിശക്ക് എടുക്കേണ്ട ഗതികേടിലാണ് മിക്കവരും. അവസരം മുതലെടുത്ത് ബ്ളേഡ് മാഫിയ വീണ്ടും രംഗത്ത് സജീവമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.