അധ്യാപകരുടെ സ്ഥലംമാറ്റം: തോന്നയ്ക്കല്‍ എച്ച്.എസ്.എസില്‍ പി.ടി.എയും എസ്.എം.സിയും രാജിവെച്ചു

കഴക്കൂട്ടം: തോന്നയ്ക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകരുടെ സ്ഥലംമാറ്റത്തത്തെുടര്‍ന്ന് പി.ടി.എയും എസ്.എം.സിയും രാജിവെച്ചു. തിങ്കളാഴ്ചയാണ് കൂട്ടരാജി നടന്നത്. തോന്നയ്ക്കല്‍ സ്കൂളില്‍ ആറ് കുട്ടികളുടെ കുറവുണ്ടായതിനെതുടര്‍ന്ന് രണ്ട് അധ്യാപകരെ സ്ഥലംമാറ്റുകയായിരുന്നു. സയന്‍സ്, സോഷ്യല്‍ സയന്‍സ് അധ്യാപകരെയാണ് സ്ഥലംമാറ്റിയത്. മറ്റൊരു സോഷ്യല്‍ സയന്‍സ് അധ്യാപികക്ക് എറണാകുളത്തേക്ക് സ്ഥലംമാറ്റം ഏറക്കുറെ ശരിയായിരിക്കയായിരുന്നു. സീനിയോറിറ്റി പ്രകാരം ഉടന്‍ ഈ അധ്യാപികക്ക് സ്ഥലംമാറ്റം ഉണ്ടാകും. ഈ സാഹചര്യം നിലനില്‍ക്കെയാണ് ധിറുതിപിടിച്ച് അധ്യാപികയെ സ്ഥലംമാറ്റിയത്. മൂന്നാമത്തെ അധ്യാപികക്ക് ദിവസങ്ങള്‍ക്കകം എറണാകുളത്തേക്ക് സ്ഥലംമാറ്റമുണ്ടാകുമെന്ന സൂചനയുണ്ട്. അതിനാല്‍ സ്ഥലംമാറ്റം ലഭിച്ച സോഷ്യല്‍ സയന്‍സ് അധ്യാപികയുടെ വിടുതല്‍ താല്‍ക്കാലികമായി തടയണമെന്ന പി.ടി.എയുടെ ആവശ്യത്തെതുടര്‍ന്ന് ഡി.പി.ഐ എച്ച്.എമ്മിനോട് നിര്‍ദേശിച്ചിരുന്നു. ഇത് പുറത്തറിഞ്ഞതോടെ തോന്നയ്ക്കല്‍ സ്കൂളിലെ മൂന്ന് പുരുഷ അധ്യാപകരുടെ നേതൃത്വത്തില്‍ ചിലര്‍ എച്ച്.എമ്മുമായി വാക്കേറ്റമുണ്ടായതായി മറുവിഭാഗം ആരോപിക്കുന്നു. സ്ഥലംമാറ്റിയ അധ്യാപികയോടുള്ള വ്യക്തിവിരോധമാണ് അധ്യാപകരെ ഇതിന് പ്രേരിപ്പിച്ചതത്രേ. തുടര്‍ന്ന് അധ്യാപകസംഘടനയെ സമീപിച്ച ഇവര്‍ സംഘടനയില്‍നിന്ന് അനുകൂല നിലപാട് ലഭിക്കാത്തതിനെതുടര്‍ന്ന് മുന്‍ പഞ്ചായത്തംഗം കൂടിയായ സി.പി.എം ലോക്കല്‍ സെക്രട്ടറിയെ സമീപിക്കുകയായിരുന്നത്രെ. ലോക്കല്‍ സെക്രട്ടറി മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെടുകയും അടിയന്തരമായി അധ്യാപികക്ക് വിടുതല്‍ നല്‍കാന്‍ എച്ച്.എമ്മിനോട് വകുപ്പ് മന്ത്രിയുടെ ഓഫിസില്‍നിന്ന് നിര്‍ദേശിക്കുകയുമായിരുന്നു. തുടര്‍ന്ന് ലോക്കല്‍ സെക്രട്ടറി നേരിട്ട് വിളിച്ച് ഭീഷണി സ്വരത്തില്‍ സംസാരിച്ചതായും പറയുന്നു. തുടര്‍ന്ന് ലീവിലായിരുന്ന സോഷ്യല്‍ അധ്യാപികയുടെ വിടുതല്‍ ഓര്‍ഡര്‍, മാറ്റം ലഭിച്ച ആറ്റിങ്ങല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രത്യേക ദൂതന്‍ വഴി എത്തിക്കുകയായിരുന്നു. അധ്യാപകരുടെ ശമ്പളമടക്കം ശരിയാക്കുന്ന സോഫ്റ്റ്വെയര്‍ ആയ സ്പാര്‍ക്കില്‍നിന്ന് അധ്യാപികയുടെ പേര് മാറ്റിയിരുന്നു. സാധാരണഗതിയില്‍ ജോയിനിങ് റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമാണ് മുമ്പ് ജോലിചെയ്ത സ്കൂളിലെ സ്പാര്‍ക്കില്‍നിന്ന് മാറ്റുന്നത്. അധ്യാപികക്ക് സ്പെഷല്‍ ഓര്‍ഡര്‍ ലഭിച്ച് പോലും തോന്നയ്ക്കലില്‍ തിരിച്ചത്തെരുതെന്ന വൈരാഗ്യബുദ്ധിയോടെയാണ് പെരുമാറിയതെന്ന് പി.ടി.എ ഭാരവാഹികള്‍ ആരോപിക്കുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ചേര്‍ന്ന പി.ടി.എ, എസ്.എം.സി സംയുക്ത കമ്മിറ്റി രാജിപ്രമേയം പാസാക്കുകയായിരുന്നു. 18 അംഗ കമ്മിറ്റിയില്‍ പങ്കെടുത്ത 13 പേരും രാജിവെച്ചൊഴിയുകയായിരുന്നു. തോന്നയ്ക്കല്‍ സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കൂട്ടരാജി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.