സാമൂഹികവിരുദ്ധരുടെ താവളമായി ലൈബ്രറികള്‍

ഓയൂര്‍: അടഞ്ഞ് കിടക്കുന്ന വെളിയത്തെ രണ്ട് ലൈബ്രറികള്‍ സാമൂഹികവിരുദ്ധരുടെ താവളമാകുന്നു. വര്‍ഷങ്ങളായി തുറന്ന് പ്രവര്‍ത്തിക്കാത്തതിനാല്‍ 4000 പുസ്തകങ്ങള്‍ നശിക്കുകയാണ്. വെളിയം കോളനിയിലെ പട്ടികജാതി കോളനിയില്‍ 1999ല്‍ മന്ത്രിയായിരുന്ന പാലോളി മുഹമ്മദ്കുട്ടിയായിരുന്നു വായനശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. 2004ല്‍ വെളിയം പരുത്തിയറയില്‍ വെളിയം ദാമോദരന്‍ സാംസ്കാരികകേന്ദ്രവും മാസങ്ങള്‍ മാത്രമേ തുറന്ന് പ്രവര്‍ത്തിച്ചിരുന്നുള്ളൂ. രണ്ട് നിലയായ പട്ടികജാതി വായനശാലയുടെ വശങ്ങളിലെ ജനാലകളുടെ ഗ്ളാസുകള്‍ സാമൂഹികവിരുദ്ധര്‍ അടിച്ച് നശിപ്പിച്ചിരുന്നു. ഇഴജന്തുക്കളും പക്ഷികളും കെട്ടിടത്തിനുള്ളില്‍ കടക്കുന്നതിനാല്‍ പുസ്തകങ്ങള്‍ നശിക്കുന്നതിന് കാരണമാകുന്നു. മദ്യപിച്ചശേഷം കുപ്പികള്‍ ജനാലകളിലൂടെ അകത്ത് വലിച്ചെറിയുന്നത് നിത്യസംഭവമായിരിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പോസ്റ്ററുകള്‍ ഒട്ടിക്കുന്ന കേന്ദ്രമായി ലൈബ്രറി മാറിയിട്ടുണ്ട്. 300 കുടുംബങ്ങള്‍ താമസിക്കുന്ന വെളിയം കോളനിയിലെ ചില കുട്ടികള്‍ മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഓടനാവട്ടത്തെ ലൈബ്രറിയിലാണ് പുസ്തകമെടുക്കാന്‍ എത്തുന്നത്. വെളിയം ദാമോദരന്‍ സാംസ്കാരിക കേന്ദ്രത്തില്‍ 2000ത്തോളം പുസ്തകങ്ങളാണ് നശിക്കുന്നത്. വൈകുന്നേരങ്ങള്‍ ഇവിടം സാമൂഹികവിരുദ്ധരുടെ താവളമായിട്ടുണ്ട്. ലൈബ്രറികളിലേക്ക് വര്‍ഷം തോറും സര്‍ക്കാറില്‍ നിന്ന് ലക്ഷം രൂപ പഞ്ചായത്തിന് ലഭിക്കുമെങ്കിലും നഷ്ടമാകുകയാണ് പതിവ്. അടഞ്ഞുകിടക്കുന്ന ലൈബ്രറികള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ സമരപരിപാടി നടത്തിയെങ്കിലും ഫലമുണ്ടായില്ല. വിലപിടിപ്പുള്ള പുസ്തകങ്ങള്‍ നശിപ്പിക്കാതെ പഞ്ചായത്തിലെ സമീപ വായനശാലയിലേക്ക് മാറ്റുന്നതിനും അധികൃതര്‍ തയാറല്ല. ലൈബ്രറികളുടെ ജനാലകള്‍ തകര്‍ത്തും കമ്പികള്‍ വളച്ചും സാമൂഹികവിരുദ്ധര്‍ കെട്ടിടത്തിനുള്ളില്‍ കടക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ലൈബ്രറികളിലേക്ക് പഞ്ചായത്തിന്‍െറ ഫണ്ടില്‍നിന്ന് പുസ്തകങ്ങള്‍ അനുവദിക്കുന്നുണ്ട്. ഇവ പഞ്ചായത്ത് ഓഫിസില്‍ കൂട്ടിയിട്ടിരിക്കുന്നത് ഓരോ ആവശ്യത്തിന് എത്തുന്നവര്‍ കൊണ്ടുപോകുന്നതും പതിവായിരിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.