കശുവണ്ടി ഫാക്ടറികള്‍ തുറക്കാതിരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു –മന്ത്രി

കൊല്ലം: കശുവണ്ടി കോര്‍പറേഷന്‍െറ നിയന്ത്രണത്തിലുള്ള ഫാക്ടറികള്‍ ഓണത്തിന് മുമ്പ് തുറക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഫാക്ടറികള്‍ തുറക്കാതിരിക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തും. പട്ടികജാതി കോളനി വാസികളുടെ സമഗ്ര ആരോഗ്യം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഹരികിരണം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. സംസ്ഥാന സര്‍ക്കാര്‍ കശുവണ്ടി മേഖലക്കായി 205 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. പണത്തിന്‍െറ അപര്യാപ്തത പറഞ്ഞ് വ്യവസായത്തില്‍ നിന്ന് കച്ചവടക്കാര്‍ മാറിനില്‍ക്കേണ്ടതില്ല. ഗ്രാറ്റ്വിറ്റി, പി.എഫ്, ഇ.എസ്.ഐ കുടിശ്ശികകള്‍ മുഴുവന്‍ തീര്‍ക്കാനുള്ള പണം വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എഴുകോണ്‍ പ്ളാക്കാട് യവനിക സാംസ്കാരിക നിലയത്തില്‍ നടന്ന ചടങ്ങില്‍ പി. ഐഷാപോറ്റി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഒൗഷധ സസ്യപ്രദര്‍ശന ഉദ്ഘാടനവും തൈകളുടെ വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജഗദമ്മ നിര്‍വഹിച്ചു. ഐ.എസ്.എം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എസ്. ഗായത്രീദേവി പദ്ധതി വിശദീകരണം നടത്തി. കൊട്ടാരക്കര ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ശശികുമാര്‍, ജില്ലാ പഞ്ചായത്തംഗം എസ്. പുഷ്പാനന്ദന്‍, ബ്ളോക് പഞ്ചായത്തംഗം രഞ്ജിനി അജയന്‍, എഴുകോണ്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആര്‍.എസ്. രതീഷ്കുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെ. ഗീതാംബിക, പട്ടികജാതി വികസന വകുപ്പ് ജില്ലാ ഓഫിസര്‍ എം. നജീം, ഹരികിരണം സംസ്ഥാന കോഓഡിനേറ്റര്‍ ഡോ.എന്‍. ശരത്ത് എന്നിവര്‍ സംസാരിച്ചു. എഴുകോണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. ശ്രീലത സ്വാഗതവും ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.കെ. പ്രിയദര്‍ശിനി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.