ദേശീയ ജലപാതയിലെ ഡ്രഡ്ജിങ്: ഭൂമി നഷ്ടപ്പെടുമെന്ന ഭീതിയില്‍ കുടുംബങ്ങള്‍

ചവറ: കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാതയുടെ ഡ്രഡ്ജിങ് മൂലം ഭൂമി നഷ്ടപ്പെടുമെന്ന ആശങ്കയില്‍ തീരവാസികള്‍. ടി.എസ്. കനാലിന്‍െറ ചവറ ഭാഗത്തെ കുടുംബങ്ങളാണ് ഭൂമി നഷ്ടപ്പെടുന്ന അവസ്ഥയിലുള്ളത്. ചവറ ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന പതിനേഴാം വാര്‍ഡിലെ മുക്കുത്തോട് സ്കൂളിന് തെക്ക് വശം മുതല്‍ ചവറ പള്ളിയാടി ക്ഷേത്രത്തിന് തെക്കുഭാഗത്തെ പഴയ വിളക്കുമരം വരെയുള്ള കായല്‍ത്തീരവാസികളുടെ ഭൂമി വര്‍ഷങ്ങളായി കനാല്‍ കവരുകയാണ്. കനാലിന്‍െറ കിഴക്ക് ഭാഗത്തായി അമ്പതോളം കുടുംബങ്ങളാണുള്ളത്. രണ്ടാംഘട്ട ഡ്രഡ്ജിങ് ആരംഭിച്ച സാഹചര്യത്തില്‍ തീരമിടിഞ്ഞ് ശേഷിക്കുന്ന ഭൂമി കൂടി നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ഇവിടെയുള്ളവര്‍. ഇതുസംബന്ധിച്ച് എം.പിക്കും എം.എല്‍.എക്കും പരാതി നല്‍കിയിരിക്കുകയാണ്. കനാലിന് സംരക്ഷണഭിത്തി കെട്ടണമെന്ന് കാലങ്ങളായി ആവശ്യപ്പെടാറുണ്ടെങ്കിലും ഇതുവരെയും പരിഹാരമുണ്ടായിട്ടില്ല. ഇതുമൂലമാണ് തീരമിടിയുന്നത് വര്‍ധിച്ചത്. മത്സ്യബന്ധനത്തിന് രണ്ട് എന്‍ജിന്‍ വരെ ഘടിപ്പിച്ച വലിയ ബോട്ടുകള്‍ ഉള്‍പ്പെടെ നിരവധി യാനങ്ങളാണ് ഇതുവഴി നിത്യവും കടന്നുപോകുന്നത്. ബോട്ടുകള്‍ പോകുമ്പോഴുള്ള ഓളങ്ങള്‍ കരയിടിച്ചിലിന് ആക്കംകൂട്ടുന്നു. മൂന്നുവര്‍ഷം മുമ്പ് ഡ്രഡ്ജിങ് നടത്തിയപ്പോള്‍ കരയുടെ നല്ളൊരു ഭാഗം നഷ്ടമായിരുന്നു. വിശാലമായ മുറ്റവും പിന്നാമ്പുറവും ഉണ്ടായിരുന്ന പല വീടുകളും കരയിടിഞ്ഞ് കായലിനരികില്‍ എത്തിയിരിക്കുകയാണിപ്പോള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.