അടിസ്ഥാനസൗകര്യമില്ല; ഓയൂരിലെ പട്ടികജാതി കോളനികള്‍ ദുരിതത്തില്‍

ഓയൂര്‍: പ്രദേശത്തെ പട്ടികജാതി കോളനികളില്‍ കിടപ്പാടം പോലും ഇല്ലാത്തവരും അടിസ്ഥാനസൗകര്യമില്ലാത്തവരും നിരവധി. വെളിയം, പൂയപ്പള്ളി, കരീപ്ര പഞ്ചായത്തുകളിലെ കോളനികളിലാണ് വീടുകളും ശൗചാലയവും കുടിവെള്ളവുമില്ലാതെ കഷ്ടപ്പെടുന്നത്. 400 ഓളം കുടുംബങ്ങളാണ് ഷീറ്റും ഫ്ളക്സ് ബോര്‍ഡുകളും ഉപയോഗിച്ച് വീടെന്ന് തോന്നിപ്പിക്കുന്ന കൂരയില്‍ താമസിക്കുന്നത്. ഒരുമുറിയില്‍ നാലും അഞ്ചും പേരാണുമുള്ളത്. കൂരകള്‍ ചോര്‍ന്നൊലിക്കുന്നതിനാല്‍ കുട്ടികളുടെ പാഠപുസ്തകങ്ങള്‍പോലും മഴയില്‍ നനയുന്നു. വെളിയത്തെ കുടവട്ടൂര്‍, ഓടനാവട്ടം, മുട്ടറ, അയണിക്കോട്, പൂയപ്പള്ളിയിലെ വടക്കേക്കര, തെക്കേക്കര, മുടിയൂര്‍കോണം എന്നീ കോളനികളിലെ ആള്‍ക്കാരാണ് ദുരിതമനുഭവിക്കുന്നത്. പട്ടികജാതിവകുപ്പ് അധികൃതര്‍ കോടികള്‍ അനുവദിക്കുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. എം.എല്‍.എയുടെ നേതൃത്വത്തില്‍ ഒരു കോളനിക്ക് ഒരു കോടി രൂപ അനുവദിക്കുന്ന പദ്ധതി പലയിടത്തും ലാപ്സായിപ്പോവുകയാണ്. കുടിവെള്ളം, വീട്, ശൗചാലയം, വഴി എന്നിവ അതില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും കോളനിക്കാരുടെ സ്വപ്നമായി പദ്ധതി മാറി. കശുവണ്ടി ഫാക്ടറികളില്‍ തൊഴില്‍ ഇല്ലാതായതോടെ കോളനികളിലെ ബഹുഭൂരിപക്ഷം സ്ത്രീകളും കുട്ടികളും പട്ടിണിയിലാണ്. കൂലിവേലക്കും മൈക്കാട് പണിക്കും പോയാണ് മിക്കവരും കുടുംബം നിലനിര്‍ത്തുന്നത്. വിദ്യാര്‍ഥികളെ സ്കൂളുകളില്‍ വിടാന്‍ കഴിയാതെ രക്ഷാകര്‍ത്താക്കള്‍ ബുദ്ധിമുട്ടുന്നു. ഇതിനിടെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ലംസം ഗ്രാന്‍റ് ഇതുവരെ സ്കൂള്‍ അധികൃതര്‍ നല്‍കിയിട്ടില്ല. പഞ്ചായത്തുകളിലും ഗ്രാമസേവകനും പരാതി നല്‍കിയാല്‍ സര്‍ക്കാര്‍ ഫണ്ടുകള്‍ ഇല്ളെന്നാണ് ഇവിടുത്തുകാര്‍ പറയുന്നത്. വീട് നിര്‍മാണത്തിന്‍െറ ആദ്യഗഡുവായി 25,000 രൂപ അടിസ്ഥാനം കെട്ടാനാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. ബാക്കിത്തുക നല്‍കാന്‍ അധികൃതര്‍ തയാറാവാത്തതിനെ തുടര്‍ന്ന് വെയിലും മഴയും കൊണ്ട് പകര്‍ച്ചവ്യാധിഭീഷണിയില്‍ കഴിയുകയാണ് കോളനിക്കാര്‍. ഈ പഞ്ചായത്തുകളില്‍ പൊതുശ്മശാനംപോലും ഇല്ല. ഇതോടെ, ഒന്നരസെന്‍റില്‍ താമസിക്കുന്ന ഇവര്‍ അടുക്കളഭാഗം കുഴിച്ചാണ് മൃതദേഹം മറവ് ചെയ്യുന്നത്. ജില്ലാ പഞ്ചായത്ത് മൊബൈല്‍ ശ്മശാനം ഈ പഞ്ചായത്തുകളില്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഉപയോഗിക്കാത്തതിനാല്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. ഭൂമിയില്ലാത്തവര്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് പരാതിനല്‍കി മടുത്തനിലയിലാണ്. പുറമ്പോക്കില്‍ താമസിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചുവരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.