തീരത്തടിഞ്ഞ കപ്പല്‍ നീക്കാത്തതില്‍ പ്രതിഷേധം: നാട്ടുകാര്‍ കലക്ടറേറ്റ് ഉപരോധിച്ചു

ഇരവിപുരം: കാക്കതോപ്പിലെ കടല്‍കയറ്റത്തിന് അടിയന്തരപരിഹാരം ഉണ്ടാക്കണമെന്നും കടല്‍കയറ്റത്തിനുകാരണമായ കപ്പല്‍ തീരത്തുനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് കാക്കതോപ്പ്, കച്ചികടവ് തീരദേശവാസികള്‍ കലക്ടറേറ്റ് ഉപരോധിച്ചു. കച്ചികടവില്‍ അടിഞ്ഞുകയറി കിടക്കുന്ന കപ്പല്‍ നീക്കം ചെയ്യുന്ന കാര്യത്തില്‍ അധികൃതര്‍ കാട്ടുന്ന അനാസ്ഥക്കെതിരെയാണ് തിരദേശവാസികള്‍ പ്രക്ഷോഭം ശക്തമാക്കിയത്. കാക്കതോപ്പ്, കച്ചികടവ് ഭാഗങ്ങളില്‍ നിന്നത്തെിയ നൂറുകണക്കിന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം രാവിലെ എട്ടരയോടെ കലക്ടറേറ്റിന്‍െറ തെക്കുവശത്തെ ഗേറ്റുകള്‍ ഉപരോധിക്കുകയായിരുന്നു. കപ്പല്‍ തീരത്തടിഞ്ഞ അന്നുമുതല്‍ കച്ചികടവ് മുതല്‍ കാക്കതോപ്പ് വരെ കര കടലെടുത്തുകൊണ്ടിരിക്കുകയാണ്. കടല്‍കയറ്റത്തില്‍പെട്ട് നിരവധി വീടുകള്‍ കടലെടുക്കുകയും തീരപ്രദേശത്തുണ്ടായിരുന്ന തെങ്ങുകളും മരങ്ങളും കടപുഴകുകയും ചെയ്തിരുന്നു. കാക്കതോപ്പില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ ഉപയോഗിച്ചിരുന്ന സ്ഥലവും തീരദേശ റോഡിനോട് ചേര്‍ന്നുണ്ടായിരുന്ന കളിസ്ഥലവും കടലെടുത്തു. കടല്‍കയറ്റം കാക്കതോപ്പ് പള്ളിക്കും തീരദേശ റോഡിനും ഭീഷണിയായതോടെയാണ് ഇരവിപുരം ഇടവക വികാരി ഫാ. മില്‍ട്ടന്‍െറ നേതൃത്വത്തില്‍ തീരദേശവാസികള്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. കാക്കതോപ്പിലെ കടല്‍കയറ്റം തടയുന്നതിനായി കടലില്‍ പാറയിടുന്നതിനാവശ്യമായ നടപടി എം. നൗഷാദ് എം.എല്‍ എയും സ്വീകരിച്ചിരുന്നു. ബുധനാഴ്ച കലക്ടര്‍ വിളിച്ച യോഗത്തില്‍ 22നു മുമ്പ് കപ്പല്‍ മാറ്റണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. കപ്പല്‍ തീരത്തടിഞ്ഞതു മുതല്‍ ഇന്നു മാറ്റും നാളെ മാറ്റും എന്ന ഉദ്യോഗസ്ഥരുടെ പ്രഖ്യാപനം കേട്ടു മടുത്തതിനാലാണ് തീരദേശവാസികള്‍ ഉപരോധവുമായി രംഗത്തത്തെിയത്. കലക്ടറേറ്റ് ഉപരോധിച്ചവരുമായി എ.ഡി.എമ്മും ആര്‍.ഡി.ഒയും ചര്‍ച്ച നടത്തി, വ്യാഴാഴ്ച തന്നെ കാക്കതോപ്പ് ഭാഗത്ത് കടലില്‍ പാറയിടുമെന്നും 21നകം കപ്പല്‍ മാറ്റാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അറിയിച്ചതോടെയാണ് ഉപരോധസമരംഅവസാനിച്ചത്. ഫാ. മില്‍ട്ടന്‍, ഫാ. ബെന്‍സന്‍, ഫാ. അനീഷ്, ഫാ. സൈജു, ഫാ. പയസ് എന്നിവര്‍ ഉപരോധസമരത്തിന് നേതൃത്വം നല്‍കി. അടുത്തദിവസങ്ങളില്‍ തന്നെ കെ.എം.എം.എല്ലില്‍ നിന്ന് മണല്‍ചാക്കുകളും ഡ്രഡ്ജറും എത്തിച്ച് കപ്പലിനുസമീപത്തുനിന്ന് മണ്ണ് മാറ്റി കപ്പല്‍ കെട്ടിവലിച്ചുനീക്കാനുള്ള ശ്രമം ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.